Saturday, September 13, 2008

പുതിയ മംഗലാപുരം ഖാസി: ബഹുഭാഷാപണ്ഡിതനായ വിദ്യാഭ്യാസ വിചക്ഷകന്‍

2 മാസം മുമ്പ്‌ തെളിച്ചം മാസികയില്‍ വന്ന അഭിമുഖം

ഖാസി സി.എം. അബ്ദുല്ല മുസ്ലിയാര്‍ കാസര്‍ ഗോഡ്‌ ജില്ലയിലെ പ്രമുഖ മുസ്ലിം പണ്ഡിതനാണ്. സമസ്ത വൈസ്‌ പ്രസിഡണ്ടും ചെമ്പിരിക്ക പ്രദേശത്തെ വിവിധ മഹല്ലുകളുടെ ഖാളിയുമാണ്. മതവിജ്ഞാനങ്ങള്‍ക്കപ്പുറം ഇംഗ്ലീഷ്‌ ഉര്‍ദു ഭാഷകളിലും ഗോളശാസ്ത്രം അടക്കമുള്ള ഭൗതിക വിജ്ഞാനങ്ങളിലും അഗാധപാണ്ഡിത്യമുള്ള വ്യക്തിത്വമാണ്‍ അദ്ദേഹം. ഗോളശാസ്ത്രത്തിലും ഖിബ്‌ ല നിര്‍ണ്ണയ വിജ്ഞാനത്തിലും അദ്ദേഹത്തെ കവച്ചുവെക്കുന്ന പണ്ഡിതന്മാര്‍ കേരളത്തിലില്ല എന്നുതന്നെ പറയാം. കേരളത്തിലാദ്യമായി മത ഭൗതിക സമന്വയ വിദ്യാഭ്യാസ ആശയം മുന്നോട്ട്‌ വെച്ചത്‌ അദ്ദേഹമാണ്. ദീനീസേവനത്തിനായി സമര്‍പ്പിക്കപ്പെട്ട ആ സ്വപ്നസുന്ദര ജീവിതത്തിലൂടെ ഒരു തീര്‍ത്ഥയാത്ര... അദ്ദേഹത്തിന്റെ തന്നെ വാക്കുകളിലൂടെ....

അഭിമുഖം/ ജംശീര്‍ പാവൂര്

‍ജനനം, കുടുംബ പശ്ചാത്തലം?

ചെമ്പരിക്കാ ഖാസി എന്ന പേരില്‍ പ്രസിദ്ധമായ മുഹമ്മദ്‌ കുഞ്ഞിമുസ്ലിയാരുടെയും ബീഫാത്തിമ ഹജ്ജുമ്മയുടെയും മകനായി 1933 ലാണ്‍ ഞാന്‍ ജനിക്കുന്നത്‌. ഉപ്പയെ ജനങ്ങള്‍ വിളിച്ചിരുന്നത്‌ അന്തു മുസ്ലിയാരെന്നായിരുന്നു. ഉപ്പുപ്പായുടെ പേര്‍ ഫഖ്‌റിദ്ദീന്‍ എന്നായിരുന്നെങ്കിലും പോക്കുഷാ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്‌. കാസര്‍ഗോഡിന്റെ മത വൈജ്ഞാനിക രംഗത്ത്‌ സ്തുത്യര്‍ഹമായ സേവനമനുഷ്ടിച്ച ഞങ്ങളുടെ മുന്‍ തലമുറ ചെമ്മനാടുനിന്ന് ചെമ്പരിക്കയിലേക്ക്‌ കുടിയേറിപ്പാര്‍ത്തവരാണ്‍. അവരിലധികപേരും ഖാസിമാരായിരുന്നു. കാസര്‍ഗോഡിന്റെ മധ്യഭാഗമായിരുന്നു അവരുടെ അധികാര കേന്ദ്രം.

വിദ്യാഭ്യാസം?

സ്വന്തം പിതാവ്‌ തന്നെയായിരുന്നു ആദ്യത്തെ ഗുരുനാഥന്‍. ഉള്ളാളത്തടക്കം വിവിധ സ്ഥലങ്ങളില്‍ ദര്‍സ്‌ പഠനം നടത്തി. വെല്ലൂര്‍ ബാഖിയാത്തില്‍നിന്ന് സനദും നേടിയിട്ടുണ്ട്‌. കേരളത്തില്‍ ഉള്ളാള്‍ തങ്ങളും വെല്ലൂരില്‍ ബാനീ ഹസ്‌ റത്തുമാണ്‍ പ്രധാന ഗുരുവര്യര്‍. ഭൗതിക വിദ്യാഭ്യാസമാണെങ്കില്‍ കാസര്‍ഗോഡ്‌ ഹൈസ്കൂളില്‍നിന്ന് എസ്‌. എസ്‌. എല്‍. സി. പാസ്സായിട്ടുണ്ട്‌. അതില്‍കൂടുതല്‍ പഠിച്ചിട്ടൊന്നുമില്ല.

മറ്റുപണ്ഡിതന്മാരില്‍നിന്ന് വ്യത്യസ്തമായി ഇംഗ്ലീഷ്‌, ഉര്‍ദു ഭാഷകളിലടക്കം ഭൗതിക വിദ്യാഭ്യാസ രംഗത്ത്‌ അങ്ങേക്ക്‌ വലിയ പ്രാവീണ്യമുണ്ടല്ലോ?

ഇംഗ്ലീഷ്‌ ഉര് ദു ഭാഷകള്‍ സ്കൂളില്‍നിന്ന് തന്നെ പഠിച്ചുണ്ടാക്കിയതാണ്‍. 1950 ലാണ് എസ്‌.എസ്‌. എല്‍.സി. പാസ്സാവുന്നത്‌. അന്നത്‌ മെട്രിക്കുലേഷന്‍ എന്ന പേരിലാണ്‍ അറിയപ്പെട്ടിരുന്നത്‌. ശേഷം നിരന്തര വായനയിലൂടെയാണ് ഇത്തരം വൈജ്ഞാനിക രംഗത്ത്‌ പ്രാവീണ്യം നേടിയത്‌.

കേരളത്തില്‍ സമന്വയ വിദ്യാഭ്യാസമെന്ന ആശയം വളരെ മുമ്പുതന്നെ അവതരിപ്പിച്ച വ്യക്തിത്തമാണല്ലോ അങ്ങ്‌. ഈ ആശയ രൂപീകരണത്തില്‍ വല്ല വ്യക്തികളുടെയും സ്വാധീനം?

വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ദര്‍സുകള്‍ ശോഷിച്ചതും ജനങ്ങള്‍ ഭൗതിക വിദ്യാഭ്യാസത്തിന്റെ പിന്നാലെ പോകുന്ന കാഴ്ചയുമാണ്‍ മതവൈജ്ഞാനികരംഗത്ത്‌ കാലോചിതമായമാറ്റം അനിവാര്യമാണെന്ന ചിന്ത എന്നിലുണ്ടാക്കിയത്‌. അല്ലാതെ വല്ല വ്യക്തികളോ പ്രസ്താനങ്ങളോ ഈവിഷയത്തില്‍ എന്നെ സ്വാധീനിച്ചിട്ടില്ല.

ഒരു പക്ഷെ സുന്നീ മഹല്ല് ഫഡറേഷനിലൂടെ ബഷീര്‍ മുസ്ലിയാരും സി.എച്‌. ഹൈദ്രൂസ്‌ മുസ്ലിയാരും ബാപ്പൂട്ടിഹാജിയുമൊക്കെ മതഭൗതിക സമന്വയമാത്രുകാദര്‍സുകളുമായി മുന്നോട്ട്‌ വരുന്നതിനുമുമ്പുതന്നെ അങ്ങ്‌ ഈ ആശയം മുന്നോട്ട്‌ വെച്ചിട്ടുണ്ടായിരിക്കുമല്ലോ?

1960 കളിലാണ് ഇത്തരമൊരാശയം എന്റെ മനസ്സില്‍ ഉദിക്കുന്നതും അതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട്‌ നീങ്ങുന്നതും. ബഷീര്‍ മുസ്ലിയാരും സി.എച്‌. ഹൈദ്രൂസ്‌ മുസ്ലിയാരും ബാപ്പൂട്ടിഹാജിയുമൊക്കെ ഈ ആശയവുമായി എന്നാണ്‍ മുന്നോട്ട്‌ വന്നതെന്ന് കൃത്യമായി എനിക്ക്‌ അറിയില്ല.

സമന്വയ വിദ്യാഭ്യാസം ലക്ഷ്യംവച്ച്‌ നടത്തിയ പ്രവര്‍ത്തനങ്ങള്‍?

ഇത്തരം സമന്വയ വിദ്യാഭ്യാസ ആശയത്തെ കുറിച്ച്‌ പല സുഹൃത്തുക്കളോടും ഞാന്‍ ചര്‍ച്ച ചെയ്തു. ചില സഹ പ്രവര്‍ത്തകരോടൊപ്പം ഇതിനു വേണ്ടിയുള്ള തെരച്ചിലുകളാരംഭിച്ചു. പലവാതിലുകളും മുട്ടി നോക്കി. പക്ഷെ, തൊള്ളായിരത്തി അറുപതുകളിലെ ഈ പ്രവര്‍ത്തനം മന്ദഗതിയിലാണ് മുന്നോട്ടുനീങ്ങിയത്‌. കാസര്‍ഗോഡിനടുത്തുള്ള അതിര്‍തോട്ടിലും മറ്റും ഭൂമി തരാമെന്ന് പലരും വഗ്ദാനം ചെയ്തു. പക്ഷെ, അതൊന്നും പ്രയോജനപ്പെടുത്താനായില്ല. പിന്നീട്‌ ചെങ്കളത്ത്‌ ഒരുകുന്നിന്മേല്‍ കോളേജിനാവശ്യമായ സ്ഥലം തരാമെന്ന് മൊനമ്പത്ത്‌ എം.എ. കുഞ്ഞാമുസാഹിബും ബന്ധുക്കളും വാഗ്ദാനം ചെയ്തു. തലശ്ശേരി സി.കെ.പി. ചറിയ മമ്മുക്കേയി സാഹിബിന്റെ സഹായത്തോടുകൂടി ഒരു ഭരണഘടന തയ്യാറാക്കുകയും ചെയ്തു. അറുപതുകളില്‍ നടന്ന ഈ പ്രവര്‍ത്തനങ്ങളില്‍ യു.എം. അബ്ദുല്‍റഹ്മാന്‍ മൗലവി, എടനീര്‍ ഇ മുഹമ്മദ്‌ കുഞ്ഞിമുസ്ലിയാര്‍ എം.എ. കരിപ്പൊടി സാഹിബ്‌ എന്നിവര്‍ എന്റെ സഹപ്രവര്‍ത്തകരായിരുന്നു. എങ്കിലും ഈ വക പ്രവര്‍ത്തനങ്ങളൊക്കെ പാതിവഴിയില്‍ മുടങ്ങിപ്പോവുകയാണുണ്ടായത്‌. എന്നിട്ടും ഞങ്ങള്‍ നിരാശരായില്ല. ലക്ഷ്യപ്രാപ്തിയിലെത്തും വരെ പ്രയാണം തുടരുവാനുള്ള ദ്രിഢനിശ്ചയത്തിലായിരുന്നു. അനുയോജ്യമായസ്ഥലവും ആവശ്യമായ പണവും സമാഹരിക്കാനുള്ള പ്രയത്നം തുടര്‍ന്നു. പൗരപ്രമുഖനായ കല്ലട്ര അബ്ദുല്‍ഖാദര്‍ ഹാജിയെ ഞങ്ങള്‍ സമീപിച്ചുനോക്കി. ഞങ്ങളുടെ അഭിലാഷം അദ്ദേഹത്തെ അറിയിച്ചു. ഞാന്‍ നല്ലൊരുതുക സംഭാവനതരാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. പക്ഷെ അതുകൊണ്ട്‌ ഞങ്ങള്‍ ത്രിപ്തരായില്ല. താങ്കള്‍ ഒരു തുക നല്‍കിയത്‌ കൊണ്ടായില്ലെന്നും ഇതിനു വേണ്ടി സജീവമായി രംഗത്തിറങ്ങുകയാണ്‍ വേണ്ടതെന്നും ഞങ്ങള്‍ അഭ്യര്‍ഥിച്ചു. അപേക്ഷമാനിക്കുകയും അറബിക്‌ കോളേജ്‌ സ്ഥാപിക്കുവാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഞങ്ങളോട്‌ തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തു.

ജമാഅത്തെ ഇസ്ലാമിയുമായി ആഭിമുഖ്യമുള്ള ആലിയാ കോളേജുമായി താങ്കള്‍ സഹകരിച്ചുപ്രവര്‍ത്തിച്ചിരുന്നു എന്നു കേള്‍ക്കുക്കുന്നു?

അതെ, കുറച്ചുകാലം. ആലിയ കോളേജിന്റെ പ്രവര്‍ത്തനങ്ങളുമായി ഞങ്ങള്‍ക്ക്‌ സഹകരിക്കേണ്ടിവന്നു. തികച്ചും അപ്രതീക്ഷിതമായുണ്ടായ ഒരു സംഭവമാണ് ഇതിനു നിമിത്തമായത്‌. വേദനാജനകമായിരുന്നു ആ സംഭവം. ഞങ്ങളുടെ പ്രയത്നങ്ങള്‍ വഴിമുട്ടിപ്പോവുമോ എന്നു ഞങ്ങള്‍ ഭയപ്പെടുകകൂടി ചയ്തു. കാര്യങ്ങള്‍ നലാനിലയില്‍ പുരോഗമിക്കുന്നതിന്നിടയില്‍ ഒരിക്കല്‍ കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി ഞങ്ങളെ സമീപുച്ചുകൊണ്ട്‌ പറഞ്ഞു 'നമുക്ക്‌ ഈ പ്രദേശത്ത്‌ ഒരു പുതിയ അറബിക്‌ കോളേജ്‌ സ്ഥാപിക്കേണ്ട ആവശ്യമില്ല. ഇവിടെ മദ്രസ ആലിയ ഉണ്ടല്ലോ. അത്‌ ഇന്ന് ശോചനീയാവസ്ഥയിലാണ്‍. നമുക്കെല്ലാം അതിനോട്‌ സഹകരിച്ച്‌ അതിനെ പുഷ്ടിപ്പെടുത്താം. കല്ലട്രയുടെ വാക്കുകള്‍ കേട്ടപ്പോള്‍ ഞങ്ങള്‍ അസ്വസ്ഥരായി. സ്വാഭാവികമായും അതുണ്ടാകുമല്ലോ. ഒടുവില്‍ ഞങ്ങള്‍ ഇങ്ങിനെ പ്രതികരിച്ചു. 'മദ്രസ ആലിയ ഒരു സുന്നി പ്രസ്ഥാനമല്ല. ജമാഅത്തെ ഇസ്ലാമിയുടെ സ്വാധീനത്തിലാണ്‍ ഇപ്പോള്‍ ആ സ്ഥാപനമുള്ളത്‌. ഒരു സുന്നീ സ്ഥാപനമാണ്‍ ഞങ്ങള്‍ ലക്ഷ്യം വെക്കുന്നത്‌. താങ്കള്‍ അതിനോട്‌ സഹകരിക്കണം' ഞങ്ങള്‍ വീണ്ടും അഭ്യര്‍ത്തിച്ചു. എന്നാല്‍ മദ്രസ ആലിയ ഒരു സ്വതന്ത്രസ്ഥാപനമാണെന്നും സുന്നികള്‍ക്ക്‌ നേത്രുത്വമുള്ള ഒരു ഭരണ സമിതിക്ക്‌ അതിനെ ഈല്‍പ്പിച്ചു തരാന്‍ അവര്‍ തയ്യാറാണെന്നും നമുക്കത്‌ സ്വീകാര്യമല്ലോ എന്നുമായിരുന്നു അന്നേരം അദ്ദേഹം ഞങ്ങളേ അറിയിച്ചത്‌. അനന്തരം എന്റെ വന്ദ്യപിതാവായ ഖാസി. സി. മുഹമ്മദ്‌ കുഞ്ഞി മുസ്ലിയാര്‍ പ്രസിഡണ്ടായിക്കൊണ്ട്‌ ഒരു കമ്മിറ്റി നിലവില്‍ വന്നു. കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി സാഹിബ്‌, കെ. എസ്‌. അബ്ദുല്ല സാഹിബ്‌, കല്ലട്ര അബ്ബാസ്‌ ഹാജി എന്നിവര്‍ ആ കമ്മിറ്റിയിലെ പ്രമുഖാംഗങ്ങളായിരുന്നു. അങ്ങനെ സുന്നി അറബിക്‌ കോളേജ്‌ സ്ഥാപിക്കാനുള്ള പ്രയാണത്തിനിടയില്‍ ഞങ്ങള്‍ മദ്രസ ആലിയയില്‍ ചെന്നുപെട്ടു. എന്നാള്‍ ആലിയയുമായുള്ള ബന്ധം അധികനാള്‍ നീണ്ടുനിന്നില്ല. നേരത്തെ പ്രതീക്ഷിച്ചിരുന്നതുപോലെ അതു തകര്‍ന്നുപോയി. ഭരണഘടനാമാറ്റത്തിന്റെ ഘട്ടത്തിലേക്ക്‌ പ്രവേശിച്ചപ്പോഴാണ്‍ ആ തകര്‍ച്ച സംഭവിച്ചത്‌. അതോടെ ആ നാടകം അവസാനിക്കുകയും ചെയ്തു.

ശംസുല്‍ ഉലമ ആലിയയുമായി ബന്ധപ്പെടുന്നത്‌ ഈ ഘട്ടത്തിലായിരിക്കും?

അതെ, ജമാഅത്തെ ഇസ്ലാമിയുടെ പിടിയില്‍നിന്ന് ആലിയ കോളേജിനെ മോചിപ്പിക്കാനായുള്ള ശ്രമത്തിന്റെ ഭാഗമായാണ്‍ ശംസുല്‍ ഉലമ അവിടെ അധ്യാപകനായെത്തുന്നത്‌.

പാതിവഴിയില്‍ നിലച്ചുപോയ സമന്വയ അറബിക്‌ കോളേജിനായുള്ള പ്രയാണം ലക്ഷ്യപ്രാപ്തിയിലെത്തിയതെങ്ങനെയാണ്‍?

ആലിയ കോളേജിന്റെ ചുമരുകളില്‍ തട്ടി ഞങ്ങളുടെ പ്രയാണം പാതിവഴിയില്‍ തകര്‍ന്നെങ്കിലും മതപരവും ലൗകികവുമായ വിദ്യാഭ്യാസം കൂട്ടിയിണക്കിക്കൊണ്ടുള്ള ഒരുന്നത സ്ഥാപനമെന്ന സ്വപ്നം ഉപേക്ഷിക്കാന്‍ ഞങ്ങള്‍ തയ്യാറായില്ല. മാര്‍ഗ്ഗ തടസ്സങ്ങള്‍ ഒന്നൊന്നായി വകഞ്ഞുമാറ്റി ഞങ്ങള്‍ പ്രയാണം തുടര്‍ന്നു. ഉദാരമതിയും മതഭക്തനും സമുദായ സേവകനുമായ കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജിയുടെ വീടുപടിക്കലേക്ക്‌ ഞങ്ങള്‍ വീണ്ടും ചെന്നു. നിരന്തരം അദ്ദേഹവുമായി ചര്‍ച്ച നടത്തി. പെട്ടെന്ന് വ്യക്തമായ ഒരു തീരുമാനത്തിലെത്താനായില്ല. ഭാരമേറിയ ഈ ചുമതല ഏറ്റെടുക്കുന്നതിലുണ്ടായേക്കാവുന്ന പ്രയാസങ്ങളെപറ്റി ഞങ്ങളേപോലെ അദ്ദേഹവും ചിന്താകുലനായിരുന്നതിലാണത്‌. ഒടുവില്‍ 1971 ലെ ഒരുനാള്‍ ഈയുള്ളവന്‍ അദ്ദേഹത്തിന്റെ മേല്‍പറമ്പിലുള്ള വീട്ടില്‍ ചെന്ന് കുറെനേരം ഇരിക്കുകയുണ്ടായി. അതൊരു തപസ്സായിരുന്നു. അന്ന് ഞാന്‍ ഒറ്റക്കായിരുന്നുവെന്ന് യാദ്ര്ശ്ചികമായിരിക്കാം. നമ്മുടെതായെ ഒരു കോളേജ്‌ സ്ഥപിക്കണമെന്നും. ആ ലക്ഷ്യത്തില്‍നിന്ന് പിന്തിരിയാന്‍ പറ്റുകയില്ലെന്നും അതിനുള്ള മാര്‍ഗ്ഗം താങ്കള്‍ കാണണമെന്നും ഞാന്‍ തറപ്പിച്ചുപറഞ്ഞു.അദ്ദേഹം അഗാധമായ ചിന്തയിലാണ്ടു. മുഖഭാവം മാറി. ഇത്രയുമായപ്പോഴേക്കും നേരം നട്ടുച്ചയായിരുന്നു. പെട്ടെന്നൊരു ബോധോദയം വന്നതുപോലെ... ധ്രിതിയില്‍ അദ്ദേഹം ഇരുന്നിടത്ത്‌ നിന്ന് എഴുന്നേല്‍ക്കുകയും വസ്ത്രങ്ങള്‍ മാറ്റി പുറത്തേക്കിറങ്ങുകയും ചെയ്തു. ഞങ്ങള്‍ രണ്ടുപേരും കാറില്‍ യാത്രയായി. എവിടേക്കാണ്‍ ഈ യാത്രയെന്ന് ആ നിമിഷങ്ങളില്‍ എനിക്കറിയില്ലായിരുന്നു. വഴിയില്‍വെച്ച്‌ മര്‍ഹൂം ഹസന്‍ കുട്ടി മൗലവിയും കല്ലട്ര അബ്ബാസ്‌ ഹാജിയേയും ഒപ്പം വിളിച്ചിരുത്തി. തന്റെ പിതാവ്‌ സി. മുഹമ്മദ്‌ മുസ്ലിയാര്‍ (ചെമ്പിരിക്കാഖാസി) വീട്ടില്‍ ഇരിപ്പായിരുന്നു. ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് കോളേജ്‌ ആരംഭിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. ചര്‍ച്ചകള്‍ നീണ്ടുവെന്നല്ലാതെ തീരുമാനത്തിലെത്താനായില്ല. ആ ഘട്ടത്തില്‍ എനിക്കൊരു ഉപായം തോന്നി. അത്‌ ഇപ്രകാരം അവതരിപ്പിക്കുകയും ചെയ്തു. 'ഒരു പത്തുകുട്ടികളെയെങ്കിലും ഒരു സ്ഥലത്ത്‌ താമസിപ്പിക്കുവാനും ഭക്ഷണം നല്‍കുവാനുമുള്ള സൗകര്യങ്ങള്‍ നിങ്ങള്‍ ചെയ്തുതരിക. അവരെ പഠിപ്പിക്കുന്ന കാര്യം ഞങ്ങള്‍ ഏറ്റിരിക്കുന്നു. ശമ്പളം ആവശ്യമില്ല'. ഇതുകേള്‍ക്കേണ്ട താമസം കല്ലട്ര അബ്ദുല്‍ഖാദര്‍ ഹാജി ഇങ്ങനെ പ്രതികരിച്ചു. 'ഒഴിഞ്ഞുകിടക്കുന്ന എന്റെ പഴയ വീട്‌ അതാ കിടക്കുന്നു. എല്ലാ സൗകര്യങ്ങളും അതിലുണ്ട്‌. കുട്ടികള്‍ക്ക്‌ ഒരു കൊല്ലത്തേക്കാവശ്യമായ ചെലവുകള്‍ ഞാന്‍ ഏറ്റെടുത്തു. കോളേജ്‌ തുടങ്ങാം'. അതോടെ സഅദിയ്യ അറബിക്‌ കോളേജ്‌ തുടങ്ങാനുള്ള പശ്ചാത്തലമൊരുങ്ങി. 1971 ഏപ്രില്‍ 28നാണ്‍ കോളേജ്‌ ഔപചാരികമായി ആരംഭിക്കുന്നത്‌. പിന്നീട്‌ കോളേജിന്റെ വരുമാനാര്‍ത്ഥം കാസര്‍ഗോഡ്‌ ഫിര്‍ദസ്‌ ബസാര്‍ കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി തന്നെ വഖഫ്‌ ചെയ്തു. കൂടാതെ അദ്ദേഹത്തിന്റെ വകയായി കോളേജിന്‍ കെട്ടിടങ്ങള്‍ സ്ഥാപിക്കാനായിദേളിയില്‍ സ്ഥലം വാങ്ങി രജിസ്തര്‍ ചെയ്തു.

കോളേജിന്‍ ജാമിഅ സഅദിയ്യ എന്ന് നാമകരണം നടത്താന്‍ പ്രത്യേക വല്ല കാരണവും?
തുടരും...