Monday, September 8, 2008

റമളാന്‍: സംക്ഷിപ്ത വിവരം

ഇസ്ലാം കാര്യങ്ങളില്‍ നാലാമത്തെതാണ് റമളാന്‍ മാസത്തില്‍ നോമ്പ് നോല്‍ക്കുക എന്നത്.
അല്ലാഹു പറയുന്നു:

സത്യ വിശ്വാസികളെ, നിങ്ങളുടെ മുമ്പുള്ളവര്‍ക്ക്‌ നോമ്പ്‌ നിര്‍ബന്ധമാക്കപ്പെട്ടതുപോലെ നിങ്ങള്‍ക്കും നോമ്പ്‌ നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. അതുമൂലം നിങ്ങള്‍ക്ക്‌ ദോഷബാധയെ തടയാവുന്നതാണ് (അല്‍ ബഖറ 183)

വിശ്വാസത്തോടെയും പ്രതിഫലേഛയോടെയും വ്രതമനുഷ്ടിച്ചവന്റെ മുന്‍ പാപങ്ങള്‍ പൊറുക്കപ്പെടും (ഹദീസ്)

അല്ലാഹുവിന്റെ ശാസന മുന്‍ നിര്‍ത്തി പ്രഭാതം മുതല്‍ സൂര്യാസ്തമനം വരെ പ്രത്യേക നിയ്യത്തോടുകൂടി (കരുത്തോടുകൂടി) ആഹാര പാനീയങ്ങള്‍, സംയോഗം മുതലായവ പരിത്യജിക്കുന്ന ആരാധനക്കാണ് നോമ്പ്‌ എന്നു പറയുന്നത്‌. വ്രതം ഒരു‍ രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ പൂര്‍വ വേദക്കാര്‍ക്കും കല്‍പ്പിക്കപ്പെട്ടിരുന്നു.
അല്ലാഹുവിന്റെ ദീനായ പരിശുദ്ധ ഇസ്ലാം ലക്ഷ്യം വെക്കുന്ന പല വിശിഷ്ട യോഗ്യതകളും നേടിയെടുക്കാന്‍ മനുഷ്യനെ സജ്ജനാകുന്ന ആരാധനയാണ് നോമ്പ്‌.

ആത്മ സംസ്കരണത്തിന്റെ മാസമാണ് നോമ്പ്. നോമ്പ് കൊണ്ട് ഏതെല്ലാം വിധത്തില്‍ ആത്മ സംസ്കരണം നടപ്പാക്കാന്‍ കഴിയുമെന്ന് നോക്കാം.

- പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനാദികള്‍ ഉപേക്ഷിക്കുന്നതിനാല്‍ (ശരീരത്തേയും ഹ്രിദയത്തേയും നിയന്തിക്കുക വഴി) ദൈവം (അല്ലാഹു) നല്‍കിയ അനുഗ്രഹത്തെ ഓര്‍ക്കാന്‍ കഴിയുന്നു. ശാരീരികവും മാനസികവുമായ ആരോഗ്യം ലഭിക്കുന്നു. സഹനശക്തി നല്‍കുന്നു. ദരിദ്രന്റെ കഷ്ടപ്പാടുകള്‍ മനസ്സിലാക്കാനും സാധിക്കുന്നു.

- റമളാനിലുള്ള സല്‍കര്‍മ്മങ്ങള്‍ക്ക് മറ്റുമാസത്തിലേതിനേക്കാള്‍ പ്രതിഫലം കൂടുതലായി നല്‍കപ്പെടുന്നതിനാല്‍ സല്‍ കര്‍മ്മങ്ങളെ ചെയ്യാന്‍ പ്രോത്സാഹനം നല്‍കുക വഴി നന്മയിലേക്ക് ആക്രുഷ്ടനാക്കുന്നു.

- റമളാനിലുള്ള ദാനദര്‍മ്മങ്ങളെ വര്‍ദ്ധിപ്പിക്കാന്‍ പ്രവാചകന്‍ കല്‍പ്പിക്കുന്നു. (സമ്പത്ത് സൂക്ഷിച്ചുവെക്കാന്‍ മാത്രമല്ല അര്‍ഹരായവര്‍ക്ക് ഒരു വിഹിതം നല്‍കാനും പ്രേരിപ്പിക്കുന്നു).

- കള്ള സാക്ഷിയും കള്ള പ്രവര്‍ത്തിയും നടത്തുന്നവന്‍ ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിക്കുന്നതുകൊണ്ട് അവന്റെ നോമ്പിനെ അല്ലാഹുവിന് ആവശ്യമില്ല (ഹദീസ്). ഇതുവഴി ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കാന്‍ വിശ്വാസി നിര്‍ബന്ധിതനാവുന്നു.

ചന്ദ്രപ്പിറവി

ശഅബാന്‍ മാസം മുപ്പതു നാള്‍ പൂര്‍ത്തിയാവുകയോ ആ മാസം 29ന്ന് മാസപ്പിറവി ദ്രിശ്യമാവുകയോ ചെയ്താലാണ് റമളാന്‍ പ്രവേശിച്ചതായി സ്ഥിരപ്പെടുക. ശവ്വാലും ഇങ്ങിനെത്തന്നെ. കണക്കുകൂട്ടിനോക്കി നോമ്പും പെരുന്നാളും തീരുമാനിക്കുന്ന രീതി ഇസ്ലാമികമല്ല. ഇമാം ബദറുദ്ദീന്‍ ഐനി (റ) എഴുതുന്നു: ശാരിഅ (അല്ലാഹുവും റസൂലും) നോമ്പിനേയും മറ്റും ചന്ദ്രപ്പിറവി ദര്‍ശനത്തോടാണ് ബന്ധിപ്പിച്ചിരിക്കുന്നത്‌. കണക്കവലമ്പമാക്കുന്നതില്‍ സമുദായത്തിന്‍ വിഷമമുണ്ടക്കാതിരിക്കാനണിത്‌. സമുദായത്തില്‍ ഇത്‌ തന്നെയാണ് നിലനിന്ന് പോന്നതും. പിന്നീട്‌ ഒരു ജനതയില്‍ ഇതെല്ലാം അറിയുന്നവരുണ്ടായാലും. നിങ്ങളുടെ മേല്‍ മേഘാവൃതമായാല്‍ ശഅബാന്‍ മുപ്പത്‌ പൂര്‍ത്തിയാക്കുക എന്ന നബി വചനത്തിന്റെ ബാഹ്യം തന്നെ കണക്ക്‌ തീരെ അവലംബിച്ചുകൂടെന്നാണ് കുറിക്കുന്നത്‌. വല്ലാപ്പോഴും കണക്കവലംബിക്കാമായിരുന്നുവെങ്കില്‍ കണക്കറിയുന്നവരോട്‌ നിങ്ങള്‍ ചോദിക്കുക എന്ന് നബി (സ) പറയേണ്ടിയിരുന്നു. എന്നാല്‍ ഒരു വിഭാഗം കണക്കുകാരിലേക്ക്‌ മടങ്ങിയിരിക്കുകയാണ്‍ (പുത്തന്‍ പ്രസ്ഥാനക്കാരായ റാഫിളുകളാണ് ഈ വിഭാഗം) സലഫുസ്സ്വാലിഹുകളുടെ ഇജ്‌ മാഅ ഇവര്‍ക്കെതിരില്‍ രേഖയാണ്. ........ ഗോളശാസ്ത്ര കണക്ക്‌ കൊണ്ട്‌ കേവലം അനുമാനമോ ഊഹമോ മാത്രമാണ് ലഭിക്കുന്നത്‌. ഉറപ്പോ മികച്ച ഭാവനയോ ലഭിക്കുന്നില്ല. (ഉംദത്തുല്‍ ഖാരി വാ: 10 പേ: 286, 287).

പ്രധാന ശാഫി ഈ പണ്ഡിതനായ ഇമാം റാഫി ഈ (റ) പറയുന്നു റമളാനിന്റെ സ്ഥിരീകരണം മേല്‍ പ്രസ്ഥാവിച്ച രണ്ട്‌ മാര്‍ഗ്ഗങ്ങളിലധിഷ്ടിതമാണ്. ജ്യോതിശാസ്ത്രമോ കണക്കുകളോ ഈ വിഷയത്തിലവലംബിക്കാവതല്ല. വ്രതം ആരിഭിക്കുന്നതിലോ അവസാനിപ്പിക്കുന്നതിലോ പ്രസ്തുത മാനദണ്ടങ്ങള്‍ അനുകരിക്കപ്പെടരുതെന്ന് തഹ്ദീബില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. (ശറ‍ഹുല്‍ കബീര്‍ 6,269).

നോമ്പ് അല്‍പം മസ്അല:

നോമ്പ്‌ നിര്‍ബന്ധമാകുന്നവര്‍
പ്രായ പൂര്‍ത്തിയും ബുദ്ധിയും ആരോഗ്യവുമുള്ള എല്ലാ മുസ്ലിമിനും റമളാന്‍ നോമ്പ്‌ നിര്‍ബന്ധാമാണ്. ആര്‍ത്തവ രക്തം, പ്രസവ രക്തം എന്നിയ സ്രവിച്ചുകൊണ്ടിരിക്കുന്ന സ്ത്രീകള്‍ക്ക്‌ നിസ്കാരം‍ പോലെ നോമ്പും നിര്‍ബന്ധമില്ല. ശുദ്ധീകരണത്തിനു ശേഷം അവര്‍ നോമ്പ്‌ ഖളാഅ വീട്ടേണ്ടതാണ്. നോമ്പെടുത്താല്‍ അധികമായേക്കുമെന്ന് ഭയക്കുന്ന രോഗം, നോമ്പുപേക്ഷിക്കാന്‍ കാരണമണെങ്കിലും അക്കാരണത്താല്‍ മുന്‍ കൂട്ടി അത്താഴവും നിയ്യത്തുമെല്ലാം ഒഴിവാക്കുന്ന സ്വഭാവം ശരിയല്ല, അനുവദനീയവുമല്ല. അത്തരക്കാര്‍ സമയത്ത്‌ തന്നെ നിയ്യത്ത്‌ ചെയ്ത്‌ നോമ്പില്‍ പ്രവേശിച്ച്‌ പ്രയാസം നേരിടുമ്പോള്‍ നോമ്പ്‌ മുറിക്കുവാനോ പാടുള്ളൂ. അധികം ചൂടുള്ള രാജ്യത്ത്‌ ജോലി ചെയ്യുന്നവര്‍, കടല്‍ ജോലിക്കാര്‍, ഇവരെല്ലാം രാത്രി നിയ്യത്ത്‌ ചെയ്ത്‌ നോമ്പില്‍ പ്രവേശിക്കല്‍ നിര്‍ബന്ധമാണ്. വിഷമം നേരിടുമ്പോള്‍ നോമ്പ്‌ ഒഴിവാക്കാവുന്നതാണ്‍. പരമാവധി പിടിച്ചു നിന്ന് പുണ്യം നേടലാണ് ഉത്തമം. ഏകദേശം 85.കി.മി. ഹലാലായ യത്ര ചെയ്യുന്ന ആര്‍ക്കും നോമ്പുപേക്ഷിക്കാവുന്നതാണ്. ഇവിടെയും നോമ്പുകാരനായി പുലര്‍ന്ന് പരമാവധി നോമ്പു തുടരുന്നതാണ് അഭികാമ്യം. ഭ്രാന്തനു നോമ്പു നിര്‍ബന്ധമില്ല. ദിവസം മുഴുവന്‍ മസ്തായവന്റെയും ബോധക്കേടായവന്റെയും നോമ്പ്‌ സാധുവാകുന്നതല്ല. ആര്‍ത്തവ പ്രസവ രക്തമുള്ള സമയത്ത്‌ നോമ്പ്‌ നിര്‍ബന്ധമില്ല. നോല്‍ക്കല്‍ ഹറാമാണ്. രക്തം പുറപ്പെട്ടത്‌ നോമ്പുള്ളപ്പോഴാണെങ്കില്‍ ആനോമ്പ്‌ ബാത്വിലാകും. പ്രഭാതത്തിനു മുമ്പ്‌ രക്തസ്രാവം നിന്നാല്‍ ഉടനെ നോമ്പ്‌ അനുഷ്ടിക്കണം. കുളി പ്രഭാത ശേഷമായാലും മതി. രാത്രി സംയോഗത്തിലേര്‍പ്പെട്ട്‌ പ്രഭാതം വരെ കുളിക്കാതിരിക്കുന്നത്‌ നോമ്പിനു തടസ്സമല്ല. സുബ്‌ ഹി നിസ്കാരത്തിനു ഏതായാലും കുളി നിര്‍ബന്ധമാണല്ലോ. നോമ്പെടുക്കാന്‍ കഴിയാത്ത വാര്‍ദ്ധക്യം, സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത രോഗം തുടങ്ങിയവയുള്ളവര്‍ക്ക്‌ നോമ്പ്‌ നിര്‍ബന്ധമില്ല. അവര്‍ ഖളാ ആയിപ്പോവുന്ന നോമ്പോരോന്നിനും ഒരു മുദ്ദ്‌ വീതം (ഏകദേശം 650 ഗ്രാം) ഭക്ഷണധാന്യം ദരിദ്രര്‍ക്ക്‌ നല്‍കേണ്ടതാണ്.ഗര്‍ഭിണിക്കും മുലയൂട്ടുന്നവള്‍ക്കും സ്വന്തം ശരീരത്തിനോ, കുട്ടിക്കോ, രണ്ടിനും കൂടിയോ അസഹ്യമായ ബുദ്ധിമുട്ടുണ്ടാകുമെന്ന് ബോധ്യപ്പെട്ടാല്‍ നോമ്പനുഷ്ടിക്കാതിരിക്കാം. പിന്നീട്‌ ഖളാഅ വീട്ടണമെന്ന് മാത്രം. കുട്ടിയുടെ കാര്യം പരിഗണിച്ച്‌ മാത്രമാണ് നോമ്പുപേക്ഷിച്ചതെങ്കില്‍ ഖളാഅ വീട്ടുന്നതിനു പുറമെ ഓരോ നോമ്പിനും ഓരോ മുദ്ദും നല്‍കേണ്ടിവരും. ഒരു റമളാന്‍ നോമ്പ്‌ നഷ്ടമായാല്‍ അടുത്ത റമളാനിന്ന് മുമ്പ്‌ അത്‌ ഖളാഅ വീട്ടേണ്ടതാണ്. മറിച്ച്‌ വീട്ടാതെ പിന്തിച്ചുകൊണ്ട്‌ പോയാല്‍ നഷ്ടപ്പെട്ടവ ഖളാഅ വീട്ടുന്നതിനു പുറമെ മുദ്ദുണ്ടെങ്കില്‍ അവക്ക്‌ മുദ്ദും കൂടാതെ പിന്തിച്ച വര്‍ഷങ്ങള്‍ക്ക്‌ അത്രയും എണ്ണം മുദ്ദും ഭക്ഷണധാന്യം വിതരണം ചെയ്യേണ്ടിവരും. പ്രായശ്ചിത്തങ്ങള്‍ വീട്ടാതെ മരിക്കുന്നവരുടെ അവകാശികള്‍ അവ യഥാവിധി വീട്ടി ബാധ്യത തീര്‍ക്കേണ്ടതാണ്. നോമ്പ്‌ ഖളാഅ ഉള്ളവര്‍ മരണപ്പെട്ടാല്‍ അവര്‍ക്ക്‌ സമ്പത്തുണ്ടെങ്കില്‍ അത്‌ ഓഹരി ചെയ്യും മുമ്പായി ഖളാഅ വീട്ടാന്‍ അവസരമോരുക്കുകയോ, സ്വത്തുപയോഗിച്ച്‌ ആവശ്യമായ അളവില്‍ മുദ്ദ്‌ വിതരണം ചെയ്യുകയോ ചെയ്യേണ്ടതാണ്‍. കുട്ടികള്‍ക്ക്‌ നോമ്പ്‌ നിര്‍ബന്ധമില്ലെങ്കിലും രക്ഷിതാക്കള്‍ സൗകര്യപൂര്‍വ്വം അവരെ പരിശീലിപ്പിക്കേണ്ടതാണ്. നിസ്കാരം പോലെ ഏഴുവയസ്സായാല്‍ കല്‍പിക്കുന്നതിലും പത്തുവയസ്സായാല്‍ അനുസരണക്കേടിന്‍ അടിക്കുന്നതിലും രക്ഷിതാക്കള്‍ അമാന്തം കാണിക്കരുത്‌. ചെറുപ്പത്തില്‍ തന്നെ കാല്‍ നോമ്പുകളും അര നോമ്പുകളും ശീലിപ്പിച്ച്‌ പരിചയിപ്പിക്കണം. നോമ്പുനോറ്റാല്‍ ശരീര നാശമോ തടസ്തമോ നേരിടുമെന്ന് ബോധ്യമായാല്‍ നോമ്പുപേക്ഷിക്കല്‍ നിര്‍ബന്ധമാണ്. നോമ്പിനിടയില്‍ രോഗം വന്ന കാരണത്താല്‍ നോമ്പുമുറിക്കുമ്പോള്‍ രോഗം കാരണം അനുവദനീയമായി എന്ന് കരുതുകയും വേണം. നോമ്പ്‌ മുറിച്ചത്‌ സാധാരണ സുഖപ്പെടാറുള്ള രോഗത്താലാണെങ്കില്‍ പിന്നീട്‌ നോറ്റ്‌ വീട്ടണം. മാറാരോഗം കാരണമാണെങ്കില്‍ മുദ്ദു നല്‍കിയാല്‍ മതി.

നോമ്പിന്റെ നിര്‍ബന്ധ ഘടകങ്ങള്‍
‍നോമ്പിന് രണ്ടു നിര്‍ബന്ധ ഘടകങ്ങളുണ്ട്‌.1- നിയ്യത്ത്‌ (ഈ കൊല്ലത്തെ അദാഅ ആയ ഫര്‍ളായ റമളാന്‍ മാസത്തില്‍ നിന്നുള്ള നാളത്തെ നോമ്പിനെ അല്ലാഹു തആലാക്ക്‌ വേണ്ടി നോറ്റുവീടാന്‍ ഞാന്‍ കരുതി). ഇതാണ് നിയ്യത്തിന്റെ പൂര്‍ണ്ണ രൂപം. മഗ്‌ രിബിന്റെയും സുബ്‌ഹിന്റെ യും ഇടയില്‍ ഏതുസമയവും നിയ്യത്ത്‌ ചെയ്താല്‍ മതിയാകുന്നതാണ്. നിയ്യത്ത്‌ ചെയ്ത ശേഷം നോമ്പ്‌ നോല്‍ക്കുന്നില്ലെന്ന് കരുതിയാല്‍ വീണ്ടും നിയ്യത്ത്‌ വേണ്ടി വരുന്നതാണ്. പകല്‍ നിയ്യത്ത്‌ ആവര്‍ത്തിക്കുന്നതു കൊണ്ട്‌ പ്രശ്നമില്ല. രാത്രി നിയ്യത്ത്‌ ചെയ്തോ ഇല്ലയോ എന്ന് പകല്‍ സംശയിക്കുകയും നിയ്യത്ത്‌ ചെയ്തുവെന്ന് പോധ്യമാവുകയും ചെയ്താല്‍ കുഴപ്പമില്ല. ബോധ്യമായില്ലെങ്കില്‍ നോമ്പ്‌ സാധുവല്ല.നിയ്യത്ത്‌ ഹൃദയം കൊണ്ടാണ്‍. നാവുകോണ്ടുച്ചരിക്കല്‍ സുന്നത്തേയുള്ളൂ. മറ്റൊരാള്‍ ചൊല്ലുന്നത്‌ ഏറ്റു ചൊല്ലിയതുകൊണ്ട്‌ മാത്രം നിയ്യത്താവില്ല. മനസില്‍ കരുതുക തന്നെ വേണം. ഓരോ ദിവസത്തിനും പ്രത്യേകം അതാത്‌ രാത്രികളില്‍ നിയ്യത്ത്‌ ചെയ്യണം. ഏതെങ്കിലും ദിവസം നിയ്യത്ത്‌ വിട്ടുപോയാല്‍ അന്നു പകല്‍ നോമ്പുകാരനെപ്പോലെ നിയന്ത്രണം പാലിക്കുകയും പിന്നീടത്‌ ഖളാഅ വീട്ടുകയും വേണം.

സുന്നത്ത്‌ നോമ്പിനു നിയ്യത്ത്‌ ഉച്ചക്ക്‌ മുമ്പായാലും മതി. പ്രഭാതം മുതല്‍ നോമ്പ്‌ മുറിയുന്ന കാര്യങ്ങളൊന്നും ഉണ്ടാവാതിരിക്കല്‍ അനിവാര്യമാണ്. റമളാനില്‍ പറയത്തക്ക കാരണം കൂടാതെ നോമ്പുപേക്ഷിച്ചവന്ന് പകല്‍ ബാക്കിസമയം മുഴുവന്‍ ഇംസാക്ക്‌ അഥവാ നോമ്പില്‍ നിരോധിക്കപ്പെട്ട കാര്യങ്ങള്‍ ഉപേക്ഷിച്ചുകൊണ്ട്‌ നോമ്പുകാരനെപ്പോലെ പെരുമാറല്‍ നിര്‍ബന്ധമാണ്‍. എന്നാല്‍ ആര്‍ത്തവമുള്ളവള്‍ ശുദ്ധിയാവുകയോ യാത്രക്കാരന്‍ യാത്ര അവസാനിപ്പിക്കുകയോ ആണെങ്കില്‍ പകലില്‍ ബാക്കി സമയം ഇംസാക്ക്‌ നിര്‍ബന്ധമില്ല. ഈ ഇംസാക്ക്‌ നോമ്പല്ലെങ്കിലും പ്രതിഫലം ലഭിക്കുന്ന പുണ്യ കര്‍മ്മമാണ്.

2- നോമ്പ്‌ മുറിയുന്ന കാര്യങ്ങളില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കലാണ് നോമ്പിന്റെ രണ്ടാമത്തെ ഫര്‍ള് വിവരവും ബോധവുമുള്ള സ്വതന്ത്രവ്യക്തികളുടെ നോമ്പ്‌ താഴെ പറയുന്ന കാര്യങ്ങള്‍ കൊണ്ട്‌ നഷ്ടമാകും.1- സംയോഗം. 2- ഉണ്ടാക്കി ഛര്‍ദ്ദിക്കല്‍ 3- തടിയുള്ള വല്ല വസ്തുവും ഉള്ളില്‍ പ്രവേശിക്കല്‍. 4- ആര്‍ത്തവ രക്തം പ്രസവ രക്തം എന്നിവ പുറപ്പെടലും പ്രസവിക്കലും. 5- തൊട്ടാല്‍ വുളൂ അ മുറിയുന്ന സ്ഥലം മറകൂടാതെ തൊട്ടുകൊണ്ട്‌ കൂടെക്കിടന്നോ മറ്റോ ഇന്ദ്രിയം സ്ഖലിപ്പിക്കല്‍. 6- ഇസ്ലാമില്‍ നിന്ന് പുറത്ത്‌ പോവല്‍. മല മൂത്ര ദ്വാരം, വായ, മൂക്ക്‌, ചെവി എന്നിവ തുറന്ന ദ്വാരങ്ങളാകയാല്‍ അവയിലൂടെ വല്ലതും ഉള്ളില്‍ കടന്നാല്‍ നോമ്പ്‌ മുറിയും. വിസര്‍ജ്ജന ശേഷം ശുദ്ധിവരുത്തുമ്പോള്‍ ശുദ്ധീകരണം നിര്‍ബന്ധമില്ലാത്ത ഉള്‍ഭാഗത്തേക്ക്‌ വിരല്‍തുമ്പെത്തിയാല്‍ നോമ്പ്‌ മുറിയും. തടിയില്ലാത്ത മണമോ രുചിയോ ഉള്ളില്‍ കടന്നാല്‍ കുഴപ്പമില്ല. രോമകൂപങ്ങളിലൂടെ കടന്നാലും നോമ്പ്‌ മുറിയില്ല. സുറുമയിടുന്നത്‌ നോമ്പിനെ നഷ്ടപ്പെടുത്തില്ലെങ്കിലും ഉത്തമമല്ല. ചുമ്പനം ആശ്ലേഷം, കൈപ്പിടുത്തം ഇവകൊണ്ട്‌ വികാരമുണ്ടാകുമെങ്കില്‍ കുറ്റകരമാണവയെല്ലാം. വായില്‍ വെള്ളം കൊപ്ലിക്കുമ്പോഴും മൂക്കില്‍ വെള്ളം കയറ്റിച്ചീറ്റുമ്പോഴുമെല്ലാം അമിതമാകാതെ ശ്രദ്ധിക്കണം. കണ്ണില്‍ സുറുമയിടല്‍, എണ്ണ തേക്കല്‍, ഇഞ്ചക്‌ ഷന്‍ ചെയ്യല്‍ എന്നിവ മൂലം നോമ്പ്‌ മുറിയില്ലെങ്കിലും അമിതമാകരുത്‌. ഭക്ഷണത്തിന്റെ ഫലം ചെയ്യുന്നവിധം ഞരമ്പുകളിലൂടെയുള്ള ഇഞ്ചക്‌ ഷന്‍ മൂലം നോമ്പ്‌ മുറിയും. മൂലക്കുരു പുറത്ത്‌ വന്ന് ഉള്ളിലേക്ക്‌ പോകല്‍ കോണ്ടോ അതിനായി വിരല്‍ ഉള്ളില്‍ കടത്തുന്നതു കോണ്ടോ നോമ്പുനു കുഴപ്പമില്ല. വായിലെ ഉമിനീരിറക്കുന്നതിനാല്‍ തകരാറൊന്നുമില്ല. പക്ഷെ ഉമിനീരിനോടൊപ്പം വല്ലതും കലര്‍ന്ന് അത്‌ താഴോട്ടിറക്കിയാല്‍ നോമ്പു ബാഥിലാവും. ഓര്‍ക്കാപ്പുറത്ത്‌ വല്ലതും അകത്തു കടക്കുകയോ, മറന്നു തിന്നുകയോ, നിര്‍ബന്ധത്തിനു വഴങ്ങി തിന്നുകയോ കാരണമായി നോമ്പിനി കുഴപ്പമൊന്നുമില്ല.ശുദ്ധിക്കോ സുന്നത്തിനോ വേണ്ടി മുങ്ങാതെ കുളിക്കുമ്പോള്‍ അവിചാരിതമായി വെള്ളം ഉള്ളില്‍ കടന്നാല്‍ നോമ്പ്‌ മുറിയില്ല. (നോമ്പുകാരന്‍ മുങ്ങിക്കുളിക്കല്‍ കറാഹത്താണ്‍). വെള്ളം ശരീരത്തിനുള്ളില്‍ കടക്കുമെന്നുറപ്പുണ്ടെങ്കില്‍ മുങ്ങിക്കുളിക്കല്‍ ഹറാമാണ്‍. ഈച്ച പോലുള്ള കൊച്ചു പ്രാണികള്‍ ഉള്ളില്‍ കടക്കല്‍ കൊണ്ട്‌ നോമ്പ്‌ മുറിയുന്നതല്ല. പക്ഷെ, ഉള്ളില്‍ പോയത്‌ ഛര്‍ദ്ദിച്ചോ മറ്റോ പുറത്തെടുക്കാന്‍ ശ്രമിക്കുന്നത്‌ നോമ്പിനെ ബാത്വിലാക്കും. പൊടിക്കുമ്പോഴോ നനക്കുമ്പോഴോ ധൂളികള്‍ അറിയാതെ ഉള്ളില്‍ പോയാല്‍ നോമ്പ്‌ മുറിയില്ല. നാവിന്മേലല്ലാതെ വായക്കുപുറത്തുവന്ന ഉമിനീര്‍ അകത്താക്കിയാല്‍ നോമ്പ്‌ മുറിയും. തുപ്പുനീരു തൊട്ട്‌ നോട്ടെണ്ണുന്നതും പേജുകള്‍ മറിക്കുന്നതും മറ്റും പുറത്തുവന്ന ഉമിനീരിനെ അകത്തേക്ക്‌ കടത്താന്‍ സാധ്യതയുള്ള പ്രവര്‍ത്തികളാണ്. റമളാനില്‍ രാത്രി സംയോഗം ചെയ്യല്‍ അനുവദനീയമാണ്. സുബ്‌ ഹിക്കു മുമ്പായി കുളിച്ചു ശുദ്ധിയാകലാണുത്തമം. എന്നാല്‍ ജനാബത്തുള്ളതോടുകൂടി നേരം പുലര്‍ന്നാല്‍ അത്‌ നോമ്പിനെ ദോഷകരമായി ബാധിക്കില്ല. റമളാന്റെ പകല്‍ സംയോഗം ചെയ്യല്‍ വളരെ ഗൗരവമായ കുറ്റമാണ്. സംയോഗം കൊണ്ട്‌ ഒരു റമളാന്‍ നോമ്പ്‌ നഷ്ടപ്പെടുത്തിയവന്‍ പ്രായശ്ചിത്തം നല്‍കണം. വിശ്വാസിയായ ഒരടിമയെ മോചിപ്പിക്കുക. സാധ്യമല്ലെങ്കില്‍ 60 ദിവസം തുടരെ നോമ്പനുഷ്ടിക്കുക, സാധ്യമല്ലെങ്കില്‍ അറുപത്‌ അഗതികള്‍ക്ക്‌ ഭക്ഷണം നല്‍കുക. ഇതാണ് പ്രായശ്ചിത്തം. നോമ്പ്‌ ബാത്വിലാകുന്ന കാര്യങ്ങളില്‍ പരമാവധി ശ്രദ്ധിച്ച്‌ തികഞ്ഞ സൂക്ഷ്മത പാലിച്ചില്ലെങ്കില്‍ വിശപ്പ്‌ സഹിക്കുന്നതെല്ലാം വെറുതെയാകും.

നോമ്പ്‌: സുന്നത്തുകള്‍.

സല്‍കര്‍മ്മങ്ങള്‍ക്ക്‌ അനേകമിരട്ടി പ്രതിഫലം നല്‍കപ്പെടുന്ന മാസമാണ് റമളാന്‍. സുന്നത്തിന് മറ്റു മാസങ്ങളിലെ ഫര്‍ളിന്റെയും ഫര്‍ളിന് മറ്റുമാസങ്ങളിലെ എഴുപത്‌ ഫര്‍ളിന്റെയും കൂലിയാണ്‍ വാഗ്ദാനം ചയ്യപ്പെട്ടിട്ടുള്ളത്‌. പരമാവധി നല്ല നടപ്പുകളിലും പുണ്യ പ്രവര്‍ത്തികളിലും മുഴുകി റമളാന്‍ മാസത്തെ അനുകൂലമാക്കിയെടുക്കാന്‍ നാം ശ്രമിക്കേണ്ടതുണ്ട്‌. രാത്രിയുടെ അവസാനത്തില്‍ അത്താഴം കഴിക്കുക, വലിയ അശുദ്ധിയുള്ളവര്‍ ഫജ്‌ റിന്നു മുമ്പ്‌ കുളിച്ചു ശുദ്ധിയാവല്‍, പകലില്‍ സുഗന്ധം സുറുമ പോലെയുള്ളവ ഉപേക്ഷിക്കല്‍, ഖുര്‍ ആന്‍ പാരായണം, ദാനധര്‍മ്മം ഇഅതികാഫ്‌ തുടങ്ങിയ സല്‍കര്‍മ്മങ്ങള്‍ വര്‍ദ്ധിപ്പിക്കല്‍ (ഇവ അവസാനത്തെ പത്തില്‍ പ്രത്യേകം സുന്നത്താണ്‍) വൈകാരിക ചിന്തയില്‍ നിന്ന് വിട്ടുനില്‍ക്കുക, നിഷിദ്ധകാര്യങ്ങള്‍ ഒഴിവാക്കുക, സൂര്യാസ്തമയം ഉറപ്പായാല്‍ നോമ്പു മുറിക്കല്‍, ഈത്തപ്പഴം, കാരക്ക, വെള്ളം ഇവയില്‍ ഒന്നുകൊണ്ട്‌ നോമ്പു മുറിക്കുക, നോമ്പു തുറന്ന ഉടനെ അല്ലാഹുവിനെ ഓര്‍ത്ത്‌ അപ്പോള്‍ ചൊല്ലേണ്ട ദിക്‌ ര്‍ ചൊല്ലുക അതു ഇങ്ങനെയാണ്‍.

اللهم لك صمت وعلى رزقك أفطرت
(അല്ലാഹുവേ, നിനക്ക് വേണ്ടി ഞാന്‍ നോമ്പ് നോറ്റു നിന്റെ ഭക്ഷണം കൊണ്ട് ഞാന്‍ നോമ്പ് മുറിക്കുകയും ചെയ്തു)
കറാഹത്തുകള്‍ഉറക്കുകൊണ്ടോ മറ്റോ വായ പകര്‍ച്ചയാകാതെ ഉച്ചക്ക്‌ ശേഷം മിസ്‌ വാക്ക്‌ ചെയ്യുക. വല്ല വസ്തുക്കളും വായിലിട്ട്‌ ചവക്കുക. ഭക്ഷണത്തിന്റെയോ മറ്റോ രുചി നോക്കുക, പകല്‍ സുഗന്ധം പൂശുക, വെള്ളത്തില്‍ മുങ്ങിക്കുളിക്കുക, അമിതമായി വായില്‍ വെള്ളം കൊപ്ലിക്കുക, അമിതമായി മൂക്കില്‍ കയറ്റിച്ചീറ്റുക തുടങ്ങിയ കാര്യങ്ങള്‍ വര്‍ജ്ജിക്കല്‍ നല്ലതാണ്.

തറാവീഹ്‌
റമളാനിലെ പ്രത്യേക സുന്നത്ത്‌ നിസ്കാരമാണ് തറാവീഹ്‌. ഇത്‌ ജമാഅത്തായി നിര്‍വ്വഹിക്കല്‍ സുന്നത്താണ്. ഒറ്റയായും നിസ്കരിക്കാവുന്നതാണ്. നബി (സ) യും സ്വഹാബത്തും നിര്‍വഹിച്ചുവന്ന ഈ നിസ്കാരം പത്തു സലാമോടെ രണ്ട്‌ റക്‌അത്തുകള്‍ വീതം ഇരുപത്‌ റക്‌ അത്താണുള്ളത്‌. ‘തറാവീഹില്‍ നിന്നുള്ള രണ്ട്‌ റക്‌അത്ത്‌ നിസ്കാരം അല്ലാഹുവിന്ന് വേണ്ടി ഞാന്‍ നിസ്കരിക്കുന്നു‘ വെന്ന് എല്ലാ ഈ രണ്ട്‌ റക്‌അത്തുകളുടെ തുടക്കത്തില്‍ നിയ്യത്ത്‌ ചെയ്യണം. തറാവീഹ്‌ നിസ്കാരം സ്ത്രീകള്‍ക്കും സുന്നത്താണ്. അവരവരുടെ വീട്ടില്‍ ബന്ധപ്പെട്ടവരോടൊപ്പമോ, അയല്‍പക്ക സ്ത്രീകള്‍ ഒത്തുചേര്‍ന്നോ സ്ത്രീകള്‍ക്ക്‌ തറാവീഹ്‌ ജമാഅത്തായും സാധിക്കാത്തവര്‍ക്ക്‌ ഒറ്റക്കും നിര്‍വ്വഹിക്കാവുന്നതാണ്‍.

ഖുര്‍ആന്‍ പാരായണം.
വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമായ മാസമാണ് റമളാന്‍. ഖുര്‍ ആന്‍ പാരായണം അധികരിപ്പിക്കല്‍ ഏറ്റവും പ്രസക്തമാവുന്ന അവസരമാണിത്‌. റമളാനില്‍ കൂടുതല്‍ പാരായണം ചെയ്യപ്പെടേണ്ടതാണെങ്കിലും ഇതര മാസങ്ങളിലും അത്‌ ഏറെ പുണ്യകരമാണ്. ഖുര്‍ആന്‍ ഓതുന്ന വിശ്വാസിയെ നല്ല മണവും രുചിയുമുള്ള മധുര നാരങ്ങയോടും ഓതാത്ത വിശ്വാസിയെ മണമില്ലാത്തതും എന്നാല്‍ മധുരമുള്ളതുമായ കാരക്കയോടുമാണ്‍ നബി (സ) ഉപമിച്ചിരിക്കുന്നത്‌. ഖുര്‍ആന്‍ പാരായണം ചെയ്യപ്പെടുമ്പോള്‍ ഓരോ അക്ഷരത്തിനും പത്തുനന്മകള്‍ നല്‍കപ്പെടുമെന്നവിടുന്ന് പഠിപ്പിച്ചിരിക്കുന്നു. അക്ഷരത്തെറ്റ്‌ കൂടാതെയും സാവധാനത്തിലുമാണ് ഖുര്‍ആന്‍ പാരായണം ചെയ്യപ്പെടേണ്ടത്‌. "എത്രയെത്ര ഓത്തുകാരാണ്, അവരെ ഖുര്‍ആന്‍ ശപിച്ചുകൊണ്ടിരിക്കുന്നു" ശരിയായ രൂപത്തിലല്ലാതെ ഖുര്‍ആന്‍ ഓതുന്നവരെ താക്കീതുചെയ്തുകൊണ്ട്‌ അവിടുന്നരുളുകയുണ്ടായി. ശരിയായ രൂപത്തില്‍ ഖുര്‍ആന്‍ ഓതാനുള്ള പരിശീലനം ബന്ധപ്പെട്ടവരില്‍നിന്നും എല്ലാ മുസ്ലിമും കരഗതമാക്കേണ്ടതനിവാര്യമാണ്. എല്ലാ ദിവസവും ശരിയായ രൂപത്തില്‍ പാരായണം ചെയ്യുന്നവര്‍ക്ക്‌ ഖുര്‍ആന്‍ അന്ത്യനാളില്‍ ശുപാര്‍ശകനായി വരുമെന്ന് റസൂല്‍ തിരുമേനി (സ) പഠിപ്പിച്ചിട്ടുണ്ട്‌. ആയതിനാല്‍ ദിനചര്യയുടെ ഒരു പ്രധാന ഘടകമായി ഖുര്‍ആന്‍ പാരായണത്തെ പരിഗണിച്ചുകൊണ്ട്‌ വിശുദ്ധഗ്രന്ഥത്തോടുള്ള കടമ നിറവേറ്റാനും റമളാനില്‍ കൂടുതല്‍ പാരായണം ചെയ്തുകൊണ്ട്‌ ഈ വിശുദ്ധമാസത്തെ ആദരിക്കാനും നാം തയ്യാറാവേണ്ടതാണ്. ഇമാം ശാഫി ഈ (റ്) റമളാനില്‍ ര്‍ണ്ടു ഖത്തം തീര്‍ത്തിരുന്നു.

നോമ്പുള്ളവരെ നോമ്പ്‌ തുറപ്പിക്കല്‍ വളരെ മഹത്തായ സുന്നത്താണ്. ഒരിറക്ക്‌ വെള്ളമോ കാരക്കയോ നല്‍കിയിട്ടെങ്കിലും നോമ്പ്‌ തുറപ്പിച്ച്‌ പുണ്യം നേടാനാണ് പ്രവാചക നിര്‍ദ്ദേശം. ഒരു നോമ്പുകാരനെ നോമ്പ്‌ തുറപ്പിച്ചാല്‍ അവന്റെ നോമ്പിന്റെ പ്രതിഫലം ഒട്ടും കുറയാതെ തുറപ്പിച്ചവനും ലഭിക്കുമെന്ന് ഇമാം തിര്‍മുദി റിപ്പോര്‍ട്ട്‌ ചെയ്ത സ്വഹീഹായ ഹദീസില്‍ വന്നിരിക്കുന്നു.

പരദൂഷണം, ഏഷണി, വഞ്ചന, അസൂയ, അഹങ്കാരം, വ്യഭിചാരം തുടങ്ങിയവയില്‍നിന്ന് അവയവങ്ങളെ കാത്തുസൂക്ഷിക്കേണ്ടത്‌ ഓരോ വ്യക്തിയുടെയും കര്‍ത്തവ്യമാണ്. വിശിഷ്യാ റമളാന്റെ ദിനരാത്രങ്ങള്‍ പ്രസ്തുത നിയന്ത്രണത്തിനുള്ള പരിശീലന വേളയാക്കേണ്ടതുണ്ട്‌. ആയതിനാല്‍ റമളാന്റെ നാളുകല്‍ പ്രത്യേകിച്ചും അല്ലാത്ത അവസരങ്ങളിലും നാവിനെയും മറ്റവയവങ്ങളെയും നിയന്ത്രിക്കുന്നത്‌ നമ്മുടെ പാരത്രിക ഗുണത്തിനും ഒരു പരിധിവരെ ഐഹികമായ രക്ഷക്കും നല്ലതാണ്. "അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവര്‍ ഒന്നുകില്‍ നല്ലതു പറയട്ടെ അല്ലെങ്കില്‍ മൗനമവലമ്പിക്കട്ടെ" എന്ന പ്രവാചകാധ്യാപനവും പ്രത്യേകം ഓര്‍മ്മയിലിരിക്കട്ടെ.

ദാനധര്‍മ്മങ്ങള്‍:
അഗതികളുടെയും അശരണരുടെയും പ്രശ്നങ്ങളറിയാന്‍ ശ്രമിക്കേണ്ട അവസരമാണ് റമളാന്‍. അവര്‍ക്ക്‌ നേരെ സഹായഹസ്തം നീളേണ്ടത്‌ ഏറ്റവും ആവശ്യമാണ്. റമളാന്‍ അതിനുള്ള മഹനീയ വേളയാണ്. കഷ്ടപ്പെടുന്നവരെ കണ്ടറിഞ്ഞ്‌ അര്‍ഹമായ സഹായമെത്തിക്കുകയാണ്‍ നാം വേണ്ടത്‌. നാം നല്‍കുന്നത്‌ അപരന്ന് ഉപകാരത്തിലെത്തുന്നുണ്ടോ എന്നാലോചിക്കേണ്ടതാണ്.

പ്രവാചക തിരുമേനി ഒരവസരത്തില്‍ സ്വഹാബികളെ അഭിമുഖീകരിച്ചു ചോദിച്ചു: നിങ്ങളിലേതൊരാളാണ് സ്വന്തം സ്വത്തിനേക്കാള്‍ അനന്തിരവന്റെ സ്വത്തിനെ പ്രിയം വെക്കുന്നത്‌? ഇതുകേട്ട സ്വഹാബികള്‍ പ്രതിവചിച്ചു: ഞങ്ങളിലൊരാളും സ്വന്തം സ്വത്തിനേക്കാള്‍ അനന്തിരവന്റെ സ്വത്തിനെ ഇഷ്ടപ്പെടുന്നില്ല. തദവസരത്തില്‍ റസൂല്‍ തിരുമേനി അറിയിച്ചു: നിങ്ങള്‍ നല്ല മാര്‍ഗ്ഗത്തില്‍ ചെലവഴിച്ചത്‌ നിങ്ങളുടെ സ്വത്തും ചെലവഴിക്കാതെ സൂക്ഷിച്ചുവെക്കുന്നത്‌ അനന്തിരവന്റെ സ്വത്തുമാണ്. നല്ല മാര്‍ഗ്ഗത്തില്‍ ചെലവഴിക്കുന്ന സമ്പത്ത്‌ മാത്രമേ മരണ ശേഷവും തനിക്കുപകരിക്കുന്നതും തെന്റെതുമായ സ്വത്ത്‌ എന്നും നാം ചെലവഴിക്കാതെ സംഭരിച്ചുവെക്കുന്നത്‌ മരണാനന്തരം തന്റെതല്ലാതാവുകയും അനന്തിരവന്മാരുടെ അവകാശത്തിലേക്ക്‌ മാറുകയും ചെയ്യുന്നതാണെന്നാണീ ഹദീസ്‌ നമ്മെ ബോധിപ്പിക്കുന്നത്‌. ഖുദ്‌സിയ്യായ മറ്റൊരു ഹദീസില്‍ "മനുഷ്യാ നീ ചെലവഴിക്കൂ. നിന്റെ മേല്‍ ചെലവഴിക്കപ്പെടും" എന്നും കാണാം. ദാന ധര്‍മ്മങ്ങളുടെ മഹത്വമാണ് ഉധ്രിത വചനത്തില്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നത്‌.

ഇഅതികാഫ്‌
ഈ പള്ളിയില്‍ ഞാന്‍ ഇഅതികാഫ്‌ ഇരിക്കുന്നു എന്ന് നിയ്യത്ത്‌ ചെയ്തുകൊണ്ട്‌ പള്ളിയില്‍ കഴിഞ്ഞുകൂടുന്നത്‌ ഏറെ പുണ്യമര്‍ഹിക്കുന്ന കാര്യമാണ്. റമളാനില്‍ പ്രത്യേകം സുന്നത്തുള്ള ഒരു കര്‍മ്മമാണ്. അല്‍പനേരം ഇരിക്കുകയോ കിടക്കുകയോ ചെയ്യുകയാണെങ്കിലും ഉറങ്ങുകയാണെങ്കിലും ഇഅതികാഫിന്റെ കൂലി ലഭിക്കുന്നതാണ്. റമളാനിന്റെ അവസാനത്തെ പത്തായാല്‍ നബി തിരുമേനി (സ) ഉറക്കമൊഴിച്ചുകൊണ്ട്‌ ഇഅതികാഫിരി‍ക്കല്‍ പതിവായിരുന്നു. തുടര്‍ച്ചയായി ഇഅതികാഫിരിക്കുവാന്‍ നേര്‍ച്ചയാക്കിയാല്‍ അപ്രകാരം പ്രവര്‍ത്തിക്കല്‍ നിര്‍ബന്ധമായി. ഭക്ഷണം കഴിക്കല്‍, മലമൂത്ര വിസര്‍ജ്ജനം വുളൂഅ പോലെയുള്ള അവശ്യ കാര്യങ്ങള്‍ക്ക്‌ പുറത്ത്‌ പോകാവുന്നത്റ്റാണ്. പക്ഷെ ഇവക്കെല്ലാം ആവശ്യമുള്ള സമയമേ എടുക്കാവൂ. നബി (സ) ഇഅതികാഫ്‌ ഇരിക്കുമ്പോള്‍ മലമൂത്ര വിസര്‍ജ്ജനത്തിനല്ലാതെ പള്ളിയില്‍നിന്ന് പുറപ്പെടാറില്ലയിരുന്നു. ശരീരത്തിനെ ഏതെങ്കിലും ഭാഗം പള്ളിയില്‍ നിന്ന് പുറത്തായാലും ഇഅതികാഫിന്റെ തുടര്‍ച്ചക്ക്‌ തടസ്സമല്ല.

റഹ്‌ മത്ത്‌, മഗ്‌ ഫിറത്ത്‌, ഇത്ഖ്‌.
റമളാനില്‍ നാല്‍ കാര്യങ്ങള്‍ അധികരിപ്പിക്കുക, രണ്ട്‌ കാര്യങ്ങള്‍കൊണ്ട്‌ നിങ്ങള്‍ റബ്ബിനെ ത്രിപ്തിപ്പെടുത്തുന്നതും രണ്ടെണ്ണം നിങ്ങള്‍ക്ക്‌ അത്യാവശ്യവുമാണ്. റബ്ബിനെ ത്രിപ്തിപ്പെടുത്തുന്ന രണ്ടെണ്ണവും. അത്യാവശ്യമായ രണ്ടെണ്ണവുമാണ്‍. അഥവാ

أشهد ان لاله الا الله استغفر الله اللهم إني اسئلك الجنة وأعوذ بك من النار

എന്നാണ്‍ ചൊല്ലേണ്ടത്. ഈ ദിക്‌ര്‍ അധികരിപ്പിക്കല്‍ റമളാനിലേറ്റവും നല്ല പുണ്യകര്‍മ്മമത്രെ. റമളാനിന്റെ ഒന്നമത്തെ പത്ത്‌ റഹ്മത്തിന്റെയും രണ്ടാമത്തേത്‌ പാപമോചനത്തിന്റെയും മൂന്നാമത്തേത്‌ നരകമോചനത്തിന്റെതുമാണ്.

അതിനാല്‍ ഒന്നാമത്തെ പത്തില്‍ അല്ലാഹുവിനോട്‌ കരുണാകടാക്ഷങ്ങള്‍ക്ക്‌ ധാരാളമായി ചോദിക്കണം. അതിങ്ങനെയാവാം.

اللهم ارحمني يا أرحم الراحمين

രണ്ടാമത്തെ പത്തില്‍

اللهم اغفر لي ذنوبي يا رب العالمين

എന്നും മൂന്നാമത്തെ പത്തില്‍

اللهم اعتقني من النار وأدخلني الجنة يا رب العالمين

കൂടാതെ

اللهم إنك عفو تحب العفو فاعف عني

എന്നും ഉരുവിടുന്നത്‌ വളരെ പുണ്യകരമാണ്.

ബദര്‍ ദിനം.
സത്യാസത്യ വിവേചനത്തിന്റെ ദിവസമാണ് ബദര്‍. റമളാന്‍ 17 നാണ്‍ ബദര്‍ ദിനം. സര്‍വായുധ സജ്ജരായ 1000 ത്തോളം വരുന്ന ശത്രു സൈന്യത്തെ കേവലം 313 പേര്‍ മാത്രം വരുന്ന ഇസ്ലാമിക സൈന്യം വിശ്വാസത്തിന്റെ കരുത്തും അല്ലാഹുവിന്റെ സഹായവും കൊണ്ട് മാത്രം പരാജയപ്പെടുത്തി ഇസ്ലാമിനെ നിലനിര്‍ത്തിയ ആദ്യത്തെ യുദ്ധമാണ് ബദര്‍. ബദര്‍ ശുഹദാക്കളെ അനുസ്മരിക്കുക അവര്‍ക്ക് ഖുര്‍ആ‍ന്‍ ഓതി ഹദ് യ ചെയ്ത് ദുആ ചെയ്യുക, ബദറിന്റെ ചരിത്ര പശ്ചാത്തലം പൊതുജനങ്ങള്‍ക്ക് മനസ്സിലാക്കിക്കോടുക്കുക, ഇസ്ലാമിലെ യുദ്ധങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടുത്തുക തുടങ്ങിയവയാണ് ബദര്‍ ദിനത്തില്‍ ചെയ്യേണ്ടത്.

ലൈലത്തുല്‍ ഖദര്‍:
വിശുദ്ധ ഖുര്‍ ആന്‍ അവതരിപ്പിക്കപ്പെട്ട രാത്രിയാണ് ലൈലത്തുല്‍ ഖദ്ര്‍. ആയിരം മാസത്തേക്കാള്‍ മഹത്തായ പ്രതിഫലമുള്ള രാത്രിയാണത്. റമളാനിലെ അവസാനത്തെ പത്തിലെ ഒറ്റയിട്ട രാവുകളിലാണ് ലൈലത്തുല്‍ ഖദര്‍ എന്നാണ് പ്രഭലാഭിപ്രായം.