Monday, August 4, 2008

‘വാഫി’ സമന്വയ പഠനത്തിന്റെ മാര്‍ഗ്ഗം

(ത്രിക്കരിപ്പൂര്‍ മുനവ്വിറുല്‍ ഇസ്ലാം മദ്രസയില്‍ ഈ കോഴ്സ് പഠിപ്പിക്കപ്പെടുന്നു)
കേരളീയ മുസ്ലിംകള്‍ ഇന്ന് ഉറ്റുനോക്കുന്ന വിദ്യാഭ്യാസ പദ്ധതിയാണ് "കോര്‍ഡിനേഷന്‍ ഓഫ്‌ ഇസ്ലാമിക്‌ കോള്‍ജസ്‌" (സി.ഐ.സി) അവതരിപ്പിച്ച "വാഫി" കോഴ്‌ സ്‌. സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങളുടെ സാന്നിദ്ധ്യവും നേത്രിത്വവുമാണ്‍ ഈ പാഠ്യപദ്ധതിക്ക്‌ ഇത്രയും സ്വീകാര്യത ലഭിക്കാനിടവരുത്തിയത്‌. കേരളത്തിനകത്തും പുറത്തുമായി ഇരുപത്തൊന്ന് സ്ഥാപനങ്ങളിലായി രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍ ഈ കോഴ്‌ സിന്‍ പഠിക്കുന്നുണ്ട്‌.

എസ്‌. എസ്‌. എല്‍.സി ക്കു ശേഷം എട്ട്‌ വര്‍ഷം കൊണ്ട്‌ യു.ജി.സി. അംഗീകരിക്കുന്ന ഡിഗ്രിയോടൊപ്പം മൗലവി ഫാളിലിന്നു സമാനമുള്ള വാഫി ബിരുദം നല്‍കുന്നു. ഈ പാഠ്യ പദ്ധതി കാലഘട്ടത്തിന്റെ വെല്ലുവിളി നേരിടാന്‍ പ്രപ്തമായൊരു പണ്ഡിത നിരയെയാണ്‍ ഒരുക്കുന്നത്‌. ഇസ്ലാമിക പാണ്ഡിത്യത്തെയും മുസ്ലിം പണ്ഡിതനെയും കുറിച്ചുള്ള ധാരണകളില്‍ പുനാരാലോചനകള്‍ ഇന്നാവശ്യമാണ്‍. പണ്ഡിതന്മാരുടെ ധര്‍മ്മം ഇസ്ലാമിക പ്രബോധനമാണ്. പ്രബോധിതരുടെ ഭാഷയും മനസ്സും ജീവിത രീതികളും സാഹചര്യങ്ങളും മറ്റനേകം ഘടകങ്ങളും പരിഗണിച്ചുവേണം പ്രബോധനം നിര്‍വ്വഹിക്കാന്‍. അതുകൊണ്ടുതന്നെ അവയെക്കുറിച്ചുള്ള അറിവ്‌ പാണ്ഡിത്യത്തിന്റെ അവിഭാജ്യ ഘടകമായി തീരുന്നു. ഈ ഉമ്മത്തിനെ ചരിത്ര നിയോഗമാണ് പ്രബോധനം. ഇസ്ലാമിക വിദ്യകളോടൊപ്പം ഭൗതിക വിദ്യകള്‍ സമന്വയിപ്പിക്കേണ്ടതുണ്ടെന്നു പറയുന്നത്‌ ഇക്കാരണത്താലാണ്‍. കാലത്തിന്റെ മാറ്റമനുസരിച്ചാണ്‍ പുതിയ വിദ്യാഭ്യാസ സമീപനങ്ങള്‍ക്ക്‌ രൂപം കോടുക്കേണ്ടത്‌. പണ്ടത്തെ ശത്രുവല്ല നമ്മുടെ മുമ്പില്‍. പഴയ കാലത്തെ പ്രതിസന്ധിയുമല്ല. തുരുമ്പുപിടിച്ച ആയുധങ്ങള്‍ ഒഴിവാക്കി. ആനികാലിക ആയുധങ്ങളാല്‍ നവീകരിക്കുക തന്നെ വേണം നമ്മുടെ പാഠ്യപദ്ധതി. ഈ വഴിക്കു വേണ്ടുവോളം ചര്‍ച്ചകള്‍ ഇന്നും സജീവമായിട്ടില്ല.

തംഹീദിയ്യ 1,2, ആലിയ 1,2,3,4 മുതവ്വല്‍ 1,2 എന്നീപേരുകളിലാണ്‍ വാഫീ കോഴ്സിലെ ക്ലാസുകള്‍ അറിയപ്പെടുന്നത്‌. "മൗളു ഇ തഹ്‌ ലീലി" (വിഷയ വാചക വിശകലന പ്രധാനം) മൗളൂഇ "വിഷയ പ്രധാനം" എന്നീ ശൈലിയിലാണ്‍ അധ്യാപനം. തഫ്‌ സീര്‍ പഠനത്തിന്‍ ആധുനികവും പുരാതനവുമായ തഫ്‌ സീറുകളെ ആധാരമാക്കുന്നു. നമ്മുടെ ദര്‍സുകള്‍ കയ്യൊഴിച്ചതും വിസ്‌ മൃതിയിലായതുമായ താരീഖ്‌ (ചരിത്ര പഠനം) തംഹീദി ക്ലാസ്‌ മുതല്‍ പഠിപ്പിക്കുന്നുണ്ട്‌. മദ്‌ ഹബുകള്‍ക്കിടയിലുള്ള വീക്ഷണ വ്യത്യാസങ്ങള്‍, അവയുടെ പ്രബലമായ രേഖകളോടെ കര്‍മ്മ ശാസ്ത്രം (ഫിഖ് ഹ് ‌) പഠിപ്പിക്കുമ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. മതങ്ങള്‍ക്കിടയിലുള്ള താരതമ്യ പഠനവും കമ്യൂണിസം, ബഹാ ഇ സം, ഖാദിയാനിസം, ഓറിയന്റലിസം ബിദ ഈ പ്രസ്ഥാനങ്ങള്‍ തുടങ്ങിയവയെ സമ്പന്ധിച്ച വിശദമായ പഠനവും ഈ കോഴ്സിന്റെ പ്രത്യേകതയാണ്‍.

പി.ജി. ക്ലാസായ മുത്വവ്വലില്‍ കമ്പ്യൂട്ടര്‍ പഠനവും അറബി ഭാഷയിലുള്ള ഗവേഷണ പ്രബന്ധവും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇസ്ലാമിക വിജ്ന്‍ഹാന ശാഖക്ക്‌ അതിമഹത്തായ സംഭാവന നല്‍കിയ ഭാഷയാണ്‍ ഉര്‍ദു. ഇന്ത്യന്‍ സംസ്കൃതിയുടെയും സ്വാതന്ത്ര്യത്തിന്റെയും കാഹളമൂതിയ ഈ ഭാഷക്ക്‌ സിലബസില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നത്‌ എടുത്തുപറയേണ്ടതാണ്‍. ഈ സിലബസ്‌ തികച്ചും അസ്‌ ഹര്‍ യൂനിവേര്‍സിറ്റിയോടും നമ്മുടെ പരമ്പരാഗത കോഴ്സായ മുത്വവ്വലിനോടും നീതി പുലര്‍ത്തിക്കൊണ്ടാണ്‍ ആവിഷ്കരിച്ചിട്ടുള്ളത്‌. പരമ്പരാഗത ദര്‍സീ സമ്പ്രദായത്തില്‍ ഗ്രാമറിന്നുകൊടുക്കുന്ന പ്രാധാന്യം ഭാഷാപഠനത്തിനു നല്‍കിയിരുന്നില്ല.വ്യാകരണം കുറ്റമറ്റരീതിയില്‍ പഠിച്ച ഒരു വിദ്യാര്‍ഥിക്ക്‌ അറബിയില്‍ ഒരു കത്തെഴുതാനോ ഗള്‍ഫില്‍നിന്ന് വന്ന വിസയുടെ കോപ്പി മനസ്സിലാക്കാനോ സാധിച്ചിരുന്നില്ല. രണ്ടുവാക്ക്‌ അറബിയില്‍ പറയാനും ഒരറബി പത്രം വായിച്ചു ലോക മുസ്ലിം വാര്‍ത്തകളറിയാനോ കഴിഞ്ഞിരുന്നില്ല. എന്നാല്‍ വാഫി സിലബസ്‌ പ്രയോഗത്തിലൂന്നിനിന്നുകൊണ്ട്‌ വ്യാകരണം പഠിപ്പിക്കുകയും ഫംഗ്ഷണല്‍ അറബിക്കിലൂടെ രചന പരിശീലിപ്പിക്കുകയും ചെയ്യുന്നു. പ്രൊജക്റ്റും കലക്‌ ഷനും സെമിനാറും നല്‍കി ഹോം വര്‍ക്കിലൂടെ രചനാ പാടവവും വിഷയത്തെ സംബന്ധിച്ച അവബോധവും സൃഷ്ടിക്കുന്നു. ഇതു ഭാഷ യഥേഷ്ഠം കൈകാര്യം ചെയ്യാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നു. തന്നിമിത്തം ഗള്‍ഫിലും വിദേശത്തും പോകുന്നവര്‍ക്കു സാധ്യതകളുടെ ഒട്ടേറെ വാതായനങ്ങളാണ്‍ തുറക്കപ്പെടുന്നത്‌.

നമ്മുടെ കേരളത്തിലെ ഉലമാക്കള്‍ ലോകപണ്ഡിതന്മാരുടെ നിലയിലോ ചിലപ്പോള്‍ അവരെക്കാളേറെ പ്രതിഭയും പദവിയുമുള്ളവരാണ്‍. പക്ഷെ, ഗ്രന്ഥ രചനയുടെ അഭാവം നിമിത്തം പലപ്പോഴും അന്താരാഷ്ട്ര വേദികളിലോ മുസ്ലിം ലോകത്തൊ അവരറിയപ്പെടാതെ പോവുന്നു എന്നതാണ്‍ സത്യം. എന്നാല്‍ കേരളത്തില്‍ രചനയിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിഞ്ഞത്‌ മഖ്ദൂം കുടുംബത്തിന്‍ മാത്രമാണ്‍. പ്രഗത്ഭ പണ്ഡിതനായ കോടഞ്ചേരി അഹമ്മദു മുസ്ലിയാരുടെ ശിഷ്യനാണ്‍ സയ്യിദുബക്കരി, അദ്ദേഹം മക്കാ ശരീഫില്‍ വെച്ചാണ്‍ കോടഞ്ചേരിയില്‍ നിന്നും ഫത്‌ ഹുല്‍ മു ഈന്‍ (കേരളീയ പണ്ഡിതനായ സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ എഴുതിയ)ഓതുന്നത്‌. ഫത്‌ ഹുല്‍ മു ഈ ന്നു അദ്ദേഹം അറബിയില്‍ രചിച്ച 'ഇആനത്ത്‌' എന്ന വ്യാഖാന ഗ്രന്ഥത്തിലൂടെ സയ്യിദ്‌ ബക്കരിയും ഫത്‌ ഹുല്‍ മു ഈനിലൂടെ സൈനുദ്ദീന്‍ മഖ്ദൂമും ലോകത്ത്‌ ഏറ്റവും ശ്രദ്ധേയരായി തീര്‍ന്നു.

പ്രഗല്‍ഭനായ കോടഞ്ചേരിയെ ഓര്‍ക്കാന്‍ മാത്രമുള്ള രചന അദ്ധേഹത്തിനുണ്ടായിരുന്നില്ല. ശിഷ്യനിലൂടെ പരിഹരിക്കപ്പെട്ടുവെന്ന് സമാധാനിക്കാം. സമസ്‌ ത മുന്‍ പ്രസിഡണ്ടായ അസ്‌ ഹരി തങ്ങളും മൗലാന അലി മിയാനും അറബി ലോകത്ത്‌ ശ്രദ്ധേയരായിത്തീര്‍ന്നത്‌ അവരുടെ അറബി രചനയിലൂടെയാണ്.

ഇസ്ലാമിന്റെ പ്രതാപകാലം സമന്വയ വിദ്യാഭ്യാസത്തിന്റെ സുവര്‍ണ്ണകാലമായിരുന്നു. അശ്‌ അരി, മാതുരീദി പ്രത്യയ ശാസ്ത്രങ്ങള്‍ രൂപപ്പെടുന്നത്‌ തന്നെ അറിവുകളുടെ സമന്വയത്തില്‍ നിന്നാണ്. മുസ്ലിം ലോകത്ത്‌ യവന ജ്ഞാനം പ്രചരിച്ചപ്പോള്‍ ഈ പ്രത്യയ ശാസ്ത്ര ചര്‍ച്ചകളില്‍ അവ ആഴത്തില്‍ സ്വാധീനം ചെലുത്തി. ഈ മാറ്റം അംഗീകരിക്കുന്നവരും നിരാകരിക്കുന്നവരുമുണ്ടായി. ഇമാം അശ്‌അരിയും മാതുരീദിയും ഒന്നാമത്തെ വിഭാഗത്തിലായിരുന്നു. പിന്നെ ഈ സമന്വയരീതി പുരോഗതി പ്രാപിച്ചു. ഇത്‌ ലോകത്തെ അറിവിന്റെ വെളിച്ചത്തിലേക്ക്‌ നയിച്ചു. കോര്‍ഡോവ യൂനിവേഴ്‌ സിറ്റിയും ഗ്രാനഡ യൂനിവേഴ്‌ സിറ്റിയും നിലവില്‍ വന്നു. യൂറോപ്പിന്റെ നാനാഭാഗങ്ങളില്‍നിന്നും പഠിതാക്കള്‍ കോര്‍ഡോവയിലേക്കൊഴുകി. നീളന്‍ കുപ്പായവും താടിയും തലപ്പവുമണിഞ്ഞ മത പണ്ഡിതന്മാര്‍ അവര്‍ക്കു ഗണിതവും ഫിസിക്സും കെമിസ്ട്രിയും മറ്റും പഠിപ്പിച്ചു. ഇതാണ്‍ ചരിത്രം. അവരുടെ പിന്‍ തലമുറക്കാര്‍ ഗാഢനിദ്രയിലാണിന്നും. അറിവുകളുടെ ലോകത്ത്‌ നമുക്ക്‌ ആധിപത്യം നഷ്ടപ്പെട്ടുപോയിട്ടുണ്ട്‌ എന്നതാണ്‍ യാഥാര്‍ത്ഥ്യം. ദിവ്യ ജ്ഞാനങ്ങള്‍ മാത്രമാണ്‍ നമ്മുടെ കരങ്ങളില്‍ ഭദ്രമായിരിക്കുന്നത്‌. അത്‌ നമുക്കവകാശപ്പെട്ടത്‌ തന്നെ. ഭൗതിക വിജ്ഞാന രംഗത്തെ ആധിപത്യം വീണ്ടെടുക്കാനുള്ള ഗൗരവ പൂര്‍വ്വമായ ശ്രമങ്ങളാണിന്നുവേണ്ടത്‌. വൈകിയാണെങ്കിലും ഉണര്‍ന്നുകൊണ്ടിരിക്കുന്നതിന്റെ തെളിവുകളാണ്‍ വാഫികളും ഹുദവികളും.

അറിവിന്റെ പാതയില്‍ നാം കാലാകാലമായി അനുവര്‍ത്തിച്ചുപോന്ന സമീപനങ്ങളില്‍ അനിവാര്യമായ മാറ്റങ്ങള്‍ അടിയന്തിരമായി വരുത്തേണ്ടതുണ്ട്‌. വിജ്ഞാനത്തെ മതപരമെന്നും ഭൗതികമെന്നും അതിരിട്ടു അകറ്റിനിര്‍ത്തുന്നത്‌ നല്ലതല്ലെന്ന തിരിച്ചറിവിലേക്ക്‌ മുസ്ലിം‍ ഉമ്മത്തിനെ കൊണ്ടുവരണം. വളരെ കാലത്തെ മത വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ ആഗ്രഹമായിരുന്നു കാലികമായ സമന്വയ പാഠ്യപദ്ധതിയും ഏകീകരണവും. അതാണിവിടെ സി.ഐ.സിയിലൂടെ പൂവണിയുന്നത്‌. ഇത്‌ പൂര്‍ണ്ണമാണെന്നവകാശപ്പെടുന്നില്ല.

ഈ രംഗത്ത്‌ ഇനിയും മാറ്റങ്ങള്‍ താണ്ടേണ്ടിവരും. ഈ കൂട്ടായ്മയില്‍ ചേരാന്‍ ഇന്നും അമാന്തിച്ചു നില്‍ക്കുന്ന ഒറ്റപ്പെട്ട സ്താപനങ്ങളുണ്ട്‌. ഒരു കൂട്ടായ്മയിലൂടെ വിദ്യാഭ്യാസ രംഗത്തുണ്ടാവേണ്ട മാറ്റങ്ങല്‍ ഉള്‍ക്കൊള്ളാനുള്ള സാധ്യതക്ക്‌ ഇതുമംഗലേല്‍പിക്കുന്നു. കേരളത്തിലെ പണ്ഡിതസഭയായ എസ്‌.കെ.ജെ.യു. യുടെ സുപ്രിം അതോറിറ്റിയായ മുശാവറ അംഗീകരിച്ചതാണ്‍ ഈ പാഠ്യപദ്ധതിയെന്നറിയുമ്പോള്‍ അഫ്സലുല്‍ ഉലമ കോഴ്സുമായി മുന്നോട്ട്‌ പോവുന്ന സുന്നീ സ്ഥാപനങ്ങള്‍ക്ക്‌ സംഘടനയോടുള്ള പ്രതിബദ്ധത നഷ്ടപ്പെടുന്നില്ലേ എന്നോര്‍ക്കണം. വഫിയ്യ എന്ന് അഞ്ച്‌ കൊല്ലത്തെ (യൂണിവേഴ്സിറ്റി ഡിഗ്രിയടക്കം) വനിതാ കോഴ്സും സി.ഐ.സി ആവിഷ്കരിച്ചിട്ടുണ്ട്‌.

രസതന്ത്ര ശാസ്ത്രത്തിന്‍ ഊടും പാവും നല്‍കിയ ഖവാരിസ്‌ മിയും ഗണിത ശാസ്ത്രത്തിന്റെ ചക്രവര്‍ത്തിയായ ജാബിറുബ്‌ നുഹയ്യാനും അരിസ്റ്റോട്ടിലന്‍ തിയറിക്കു പൊളിച്ചെഴുത്ത്‌ നല്‍കിയ ഇമാം ഗസ്സാലിയും വൈദ്യ ശാസ്ത്രത്തിന്‍ മുഖവുര തയ്യാറാക്കിയ ഇബ്നു സീനയും ആകാശ ഗംഗയിലൂടെ നീന്തിപറക്കാന്‍ ദാഹിച്ച ശൈഖ്‌ അബ്ബസ്‌ ബുനു ഫര്‍നാസയും ഫാദര്‍ ഓഫ്‌ സര്‍ജറിയായി അറിയപ്പെടുന്ന സഹറാവിയും അവരുടെ കാലത്തെ ഉലമാക്കളും ഇരുത്തം വന്ന ശാസ്ത്രജ്ഞരുമായിരുന്നു.

ശാസ്ത്രം കടന്നുവരാന്‍ വൈകിപ്പോയ മേഖലകളിലെല്ലാം നമ്മുടെ പൂര്‍വ്വികര്‍ നേരത്തെ തന്നെ സ്ഥിര പ്രതിഷ്ഠ നേടിയവരായിരുന്നു. ഈ പ്രൗഢമായ പാരമ്പര്യം സമന്വയ വിദ്യാഭ്യാസത്തിലൂടെ വീണ്ടെടുക്കാനുള്ള എളിയ സംരംഭമാണ്‍ വാഫി കോഴ്സ്‌.

അവലംബം:
(സെയ്‌ തു മുഹമ്മദ്‌ നിസാമിയുടെ ഒരു ലേഖനം)