Saturday, August 2, 2008

ബറാഅത്ത് രാവ്

ലൈലത്തുല്‍ മുബാറക (സമൃധിയുടെ രാവ്‌) ലൈലത്തു ര്‍ റഹ്‌ മ (അനുഗ്രഹീത രാവ്‌) ലൈലത്തുസ്വക്ക്‌ (ദുശ്ശക്തികളുടെ വാതായനങ്ങള്‍ അടക്കപ്പെടുന്ന രാവ്‌) എന്നീ പേരുകളുള്ളതും ബറാഅത്ത്‌ രാവ്‌ എന്ന നാമത്തില്‍ സുവിതിതവുമായ പരിശുദ്ധരാവാണ്‍ ശഅബാന്‍ പതിനഞ്ചിന്റെ രാവ്‌. നശ്വര ഭൂമിയില്‍ കര്‍മ്മനിരതനാവേണ്ട സത്യ വിശ്വാസികളുടെ കര്‍മ്മങ്ങള്‍ക്ക്‌ ചൈതന്യം നല്‍കാന്‍ നാഥന്‍ ഒരുക്കിയ രാവാണ് ‍ബറാഅത്ത്‌ രാവ്‌. പ്രസ്തുത രാവില്‍ അനുഷ്ടിക്കുന്ന കര്‍മ്മങ്ങള്‍ക്ക്‌ ഔന്നത്യമുണ്ടെന്നും സ്രഷ്ടാവിന്റെ അനുഗ്രഹത്തിന്റെ കവാടങ്ങള്‍ അന്നു മല‍ര്‍ക്കെ തുറക്കപ്പെടുമെന്നും സത്യവിശ്വാസികള്‍ക്ക്‌ അല്ലാഹു അന്നു പൊറുക്കുമെന്നും ധാരാളം നബിവചനങ്ങളില്‍ കാണാം. നബി (സ) പറഞ്ഞു "കല്‍ബ്‌ ഗോത്രക്കാരുടെ ആടുകളുടെ രോമം കണക്കെ എന്റെ ഉമ്മത്തിന്‍ അല്ലാഹു ഈ രാത്രി അനുഗ്രഹങ്ങള്‍ വര്‍ഷിപ്പിക്കും". ഒരു നബി വചനം ഇപ്രകാരം കാണാം. നബി (സ) പറഞ്ഞു: "വ്യഭിചാരി, മതാപിതാക്കളെ വെറുപ്പിക്കുന്നവര്‍, മദ്യപാനി, പ്രശ്നം നോക്കുന്നവന്‍, മാരണ വിദ്യക്കാര്‍ എന്നിവരൊഴികെ എല്ലാ മുസ്ലിംകള്‍ക്കും ആ രാത്രി അല്ലാഹു പൊറുത്തു കൊടുക്കും" (ജമല്‍ 7-118). ബറാഅത്ത്‌ രാവില്‍ വിശ്വാസികള്‍ക്ക്‌ ഇബാദത്ത്‌ ചെയ്യാല്‍ പ്രചോദനം നല്‍കിയിരുന്ന റസൂല്‍ (സ) നിസ്കാരത്താലും ദൈവ സ്മരണയാലും ആ രാത്രിയെ ധന്യമാക്കിയിരുന്നു. ആയിശ (റ) യില്‍നിന്ന് നിവേദനം. അവര്‍ പറഞ്ഞു: റസൂല്‍ (സ) ഒരു രാത്രി എഴുന്നേല്‍ക്കുകയും നിസ്കരിക്കുകയും ചെയ്തു. പ്രവാചകന്‍ (സ) യുടെ സുജൂദിന്റെ ദൈര്‍ഘ്യത്താല്‍ അവിടുന്നു മരണപ്പെട്ടിരിക്കുമോ എന്ന് ഞാന്‍ ശങ്കിച്ചു. അങ്ങനെ ഞാന്‍ എഴുന്നേറ്റു അവിടുത്തെ പെരുവിരല്‍ അനക്കി അത്‌ അനങ്ങിയപ്പോള്‍ ഞാന്‍ വിരിപ്പിലേക്ക്‌ മടങ്ങി. അവിടുന്ന് തന്റെ സുജൂദില്‍ ഇപ്രകാരം പ്രാര്‍ത്തിക്കുന്നതായി ഞാന്‍ കേട്ടു "നിന്റെ മാപ്പ്‌ കൊണ്ട്‌ നിന്റെ ശിക്ഷയില്‍ നിന്നും നിന്റെ ത്രിപ്തികോണ്ട്‌ നിന്റെ കോപത്തില്‍ നിന്നും നിന്നെക്കൊണ്ട്‌ നിന്നില്‍നിന്ന് നിന്നിലേക്ക്‌ ഞാന്‍ അഭയം പ്രാപിക്കുന്നു. നീ നിന്നെ അഭിനന്ദിച്ചതു പോലെ നിന്റെ മേലുള്ള അഭിനന്ദനം ഞാന്‍ എണ്ണി തിട്ടപ്പെടുത്തുന്നില്ല. നിസ്കാരത്തില്‍ നിന്ന് വിരമിച്ച്‌ നബി(സ): "ഓ ആയിശ, നീയുമായുള്ള കരാര്‍ ലംഘിച്ചുവെന്ന് നീ എന്നെക്കുറിച്ച്‌ ശങ്കിച്ചുവോ"ആയിശ (ര്‍) "ഇല്ലല്ലോ റസൂലെ" പക്ഷെ സുജൂദിന്റെ ദൈര്‍ഘ്യം കോണ്ട്‌ അങ്ങ്‌ മരണപ്പെട്ടിരിക്കുമോ എന്ന് ഞാന്‍ ഭാവിച്ചു". നബി (സ): "ഈ രാവ്‌ ഏതാണെന്ന് നിനക്കറിയുമോ"? ആയിശ(റ):"ഇല്ല" നബി (സ): "ഇത്‌ ശഅബാന്‍ പതിനഞ്ചിന്റെ രാവാണ്. തന്റെ അടിമകളുടെ മേല്‍ അല്ലാഹു ഈ രാത്രി പ്രത്യക്ഷപ്പെടും. പൊറുക്കലിനെ തേടുന്നവര്‍ക്ക്‌ പൊറുത്തുകൊടുക്കും. കാരുണ്യത്തെ തേടുന്നവര്‍ക്ക്‌ അവന്‍ കാരുണ്യം ചെയ്യും. പകവെക്കുന്നവരെ അവന്‍ ഉപേക്ഷിക്കുകയും ചെയ്യും" (അത്തര്‍ഗീബ്‌ 2-52) പ്രസിദ്ധമായ സിഹാഹുസ്സിത്തകളിലെ മിക്കതിലും ബറാഅത്ത്‌ രാവിന്റെ പ്രത്യേകതകളെക്കുറിച്ച്‌ പറയുന്നുണ്ട്‌. ഇമാം തിര്‍മുദി (റ) ഉം ഇബ്‌ നു മാജയും റിപ്പോര്‍ട്ട്‌ ചെയ്യുന്ന ഒരു‍ ഹദീസ്‌ : ആയിശ (റ്) പറഞ്ഞു "ഒരു‍ രാത്രിയില്‍ ഞാന്‍ നബി (സ) യെ കണ്ടില്ല. പ്രവാചകന്‍ (സ്‌) ജന്നത്തുല്‍ ബഖീ ഇല്‍ പോയി മരിച്ചവര്‍ക്ക്‌ പ്രാര്‍ഥന നടത്തുകയായിരുന്നു. അന്നേരം തിരിച്ചുവന്ന് നബി (സ) ചോദിച്ചു: "നിന്റെ അവസരം ഞാന്‍ മറ്റുള്ളവരുടെ അടുക്കല്‍ ഉപയോഗപ്പെടുത്തിയെന്നാണോ നീ കരുതിയത്‌" ഞാന്‍ പറഞ്ഞു: തിരുദൂതരെ, താങ്കള്‍ മറ്റുഭാര്യമാരുടെ അടുക്കല്‍ പോയെന്നാണ് ഞാന്‍ കരുതിയത്‌. അപ്പോള്‍ നബ (സ്‌) പറഞ്ഞു: "നിശ്ചയം ശഅബാനിന്റെ പതിനഞ്ചാം രാവില്‍ അല്ലാഹു ഭൂമിയോടടുത്ത ആകാശത്തേക്ക്‌ കടന്നുവരും, കല്‍ബ്‌ ഗോത്രക്കാരുടെ ആടുകളുടെ മുടിയുടെ എണ്ണത്തേക്കാള്‍ പോറിത്തുകൊടുക്കുകയു ചെയ്യും (മിശ്കാത്ത്‌), ബൈഹഖി(റ) ന്റെ മറ്റൊരുഹദീസില്‍ കല്‍ബ്‌ ഗോത്രത്തിലെ ആടുകളുടെ മുടി എണ്ണമനുസരിച്ച്‌ നരകമോചനം നല്‍കുമെന്നും പറയുന്നുണ്ട്‌. ബറാഅത്തിനു "മോചനം" എന്നാണ്‍ അര്‍ഥമെന്നതും ഇവിടെ ശ്രദ്ധേയമാണ്.

ബറാഅത്ത്‌ രാവില്‍ പ്രത്യേകം യാസീന്‍ സൂറത്ത്‌ ഓതാറുണ്ട്‌ നാം. ഭക്ഷണത്തില്‍ വിശാലത, ദീര്‍ഘായുസ്സ്‌, പാപമോചനം തുടങ്ങിയ പല ഊദ്ദേശ ലക്ഷ്യങ്ങള്‍ വെച്ചും യാസീന്‍ ഓതല്‍ പണ്ട്‌ മുതലേ നടപ്പിലുണ്ട്‌. ബറാഅത്ത്‌ രാവില്‍ ഇവയ്ക്ക്‌ വേണ്ടി നിരന്തരം പ്രാര്‍ഥിക്കാന്‍ പല ഹദീസുകളിലും കാണാം. ഭക്ഷണ വിശാലതക്കും പാപമോചനത്തിനും മറ്റും ശഅബാന്‍ പതിനഞ്ചിന്റെ രാവില്‍ പ്രാര്‍ഥിക്കേണ്ടതിന്റെ ആവശ്യകത നബി (സ) ഉണര്‍ത്തുന്നുണ്ട്‌. നബി (സ) പറഞ്ഞു: ശഅബാന്‍ പതിനഞ്ചായിക്കഴിഞ്ഞാല്‍ അതിന്റെ രാത്രി നിസ്കരിക്കുകയും പകല്‍ നോമ്പ്‌ കോണ്ട്‌ സംബുഷ്ടമാക്കുകയും ചെയ്യുക കാരണം അല്ലാഹു സൂര്യാസ്തമയ സമയത്ത്‌ ഭൂമിയോട്‌ അടുത്ത ആകാശത്തേക്ക്‌ ഇറങ്ങിവരും (ഐശ്വര്യവും കരുണയും ചൊരിയുമെന്നര്‍ഥം). എന്നിട്ട്‌ ഇങ്ങിനെ പറയും: "അറിയുക, വല്ല പാപമോചന കാംക്ഷിയുമുണ്ടെങ്കില്‍ ഞാനവന് പോറുത്തുകൊടുക്കും. ആറിയുക. ഭക്ഷണ വിശാലത തേടുന്നവരുണ്ടെങ്കില്‍ ഞാനവന് അത്‌ നല്‍കും. അറിയുക, ബുദ്ധിമുട്ട്‌ അനിഭവിക്കുന്നുണ്ടെങ്കില്‍ അവനെ സുഖപ്പൊടുത്തും", ഇങ്ങനെ പ്രഭാത്അം വരെ പറഞ്ഞുകൊണ്ടിരിക്കും". (ഇബ്നു മാജ). ഇതുപോലെ ആയുസ്സ്‌ നിശ്ചയിക്കുന്നതു ഈ മാസത്തിലാണെന്ന് ഹദീസില്‍ വ്യക്തമാക്കുന്നു. ആയിശ (റ) പറയുന്നു: നബി (സ) ശഅബാന്‍ മുഴുവന്‍ നോമ്പനുഷ്ടിക്കുമായിരുന്നു. ഞാന്‍ ചോദിച്ചു: "തങ്കള്‍ ശഅബാനില്‍ നോമ്പനുഷ്ടിക്കുവാന്‍ എന്താണ് കാരണം. പ്രവാചകന്‍ (സ) പറഞ്ഞു: "നിശ്ചയം മരിക്കുന്നവരെ അല്ലാഹു തീരുമാനിക്കുന്നത്‌ ഈ മാസത്തിലാണ്. നോമ്പുകാരനായിരിക്കെ എന്റെ അവധി എത്താന്‍ ഞാനാശിക്കുന്നു. (തര്‍ഹീബ്‌ വത്തര്‍ ഈബ്‌ 118/2). ചുരുക്കത്തില്‍ റമസാനില്‍ അന്തര്‍ലീനമായ മഹത്വത്തിന്റെ മുഖവുരബാണ്‍ യഥാര്‍ഥത്തില്‍ ശഅബാന്‍. റമളാനിനോട്‌ വ്യതിരിക്തമായൊരു മാനസികാവസ്ഥ സമ്മാനിക്കുന്നുണ്ട്‌ ഈ മാസം. അതിനാല്‍ ശഅബാനിലിരുന്ന് റമളാനിലേക്ക്‌ നിര്‍നിമേഷം നോക്കി നില്‍ക്കുകയാണ്‍ നാം ചെയ്യേണ്ടത്‌.